ഐഡിയയില്‍ ഇനി കൂടുതല്‍ നിക്ഷേപമില്ലെന്ന് ആദിത്യബിര്‍ള ഗ്രൂപ്പ്

0

ന്യൂഡല്‍ഹി: ഐഡിയയില്‍ കൂടുതല്‍ നിക്ഷേപം വേണ്ടന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ തീരുമാനം. എ.ജി.ആര്‍ ബാധ്യതയില്‍ കേന്ദ്രം ഇളവ് നല്‍കുന്നില്ലെങ്കില്‍ വൊഡാഫോണ്‍-ഐഡിയയെ പാപ്പരത്ത നടപടിയിലേക്ക് നയിക്കാനാണ് ആദിത്യ ഗ്രൂപ്പിന്റെ നീക്കം. ഇംഗ്ലണ്ടിലെ വൊഡാഫോണ്‍ ഗ്രൂപ്പിന്റെയും ആദിത്യ ബിര്‍ളയുടെ ഐഡിയയുടെയും സംയുക്ത സംരംഭമാണ് വൊഡാഫോണ്‍-ഐഡിയ. വരുമാനം, വരിക്കാര്‍ എന്നിവയില്‍ കനത്ത നഷ്ടം നേരിടുമ്പോഴാണ് ഇരുട്ടടിയായി കമ്പനിക്കുമേല്‍ എ.ജി.ആര്‍ ബാദ്ധ്യതയുമെത്തിയത്.
ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കണക്കാക്കി അധിക സ്പെക്ട്രം ഉപയോഗ ഫീസ് നല്‍കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വൊഡാഫോണ്‍-ഐഡിയയും ഭാരതി എയര്‍ടെല്ലും കഴിഞ്ഞപാദത്തില്‍ കുറിച്ചത് റെക്കാഡ് നഷ്ടം.
50,921 കോടി രൂപയാണ് വൊഡാഫോണ്‍-ഐഡിയയുടെ നഷ്ടം. ഒരു ഇന്ത്യന്‍ കമ്പനി കുറിക്കുന്ന ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണിത്. 23,044.9 കോടി രൂപയാണ് ഭാരതി എയര്‍ടെല്ലിന്റെ നഷ്ടം. 2018ലെ സമാനപാദത്തില്‍ കമ്പനി 118.8 കോടി രൂപയുടെ ലാഭം നേടിയിരുന്നു. എ.ജി.ആര്‍ പ്രകാരം നല്‍കാനുള്ള ഫീസിലേക്ക് നിശ്ചിത തുക വകയിരുത്തേണ്ടി (പ്രൊവിഷന്‍) വന്നതാണ് കഴിഞ്ഞപാദത്തില്‍ ഇരുകമ്പനികള്‍ക്കും തിരിച്ചടിയായത്.
28,450 കോടി രൂപയാണ് എ.ജി.ആര്‍ ബാദ്ധ്യത തീര്‍ക്കാനായി എയര്‍ടെല്‍ വകയിരുത്തിയത്. 33,010 കോടി രൂപയാണ് വൊഡാഫോണ്‍-ഐഡിയയുടെ ബാദ്ധ്യത. എ.ജി.ആര്‍ ബാധ്യത ഒഴിവാക്കാനോ ഇളവ് നല്‍കാനോ തയ്യാറാകണമെന്നുള്ള ടെലികോം കമ്പനികളുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഗോപാല്‍ വിട്ടള്‍ പറഞ്ഞു. ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ ഇന്നലെ 1.59 ശതമാനം നഷ്ടത്തോടെ, 362.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വൊഡാഫോണ്‍-ഐഡിയയുടെ ഓഹരിവില ഇന്നലെ 21 ശതമാനം ഇടിഞ്ഞ് 2.90 രൂപവരെ താഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here