ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തേക്കും; 2836 കോടിയുടെ ഇടപാട്

0

ന്യൂഡല്‍ഹി: ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടാണ് പ്രതീക്ഷിക്കുന്നത്. ഊബറും സോമാറ്റോയും ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. അടുത്തവര്‍ഷം 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് ഊബര്‍ ഈറ്റ്‌സിന്റെ പ്രതീക്ഷ.
ഇടപാടിന്റെ ഭാഗമായി, ആഭ്യന്തര ഭക്ഷ്യ വിതരണ സേവനത്തില്‍ ഗണ്യമായ പങ്ക് ലഭിക്കുന്നതിന് സൊമാറ്റോയില്‍ ഊബര്‍ 150 മില്യണ്‍ ഡോളര്‍ മുതല്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടത്രേ. ഈ തുക രണ്ട് കമ്പനികളും സംയുക്തമായി രൂപപ്പെടുത്തുന്ന പുതിയ കമ്പനിയിലാകും നിക്ഷേപിക്കുക.
ഇക്കാര്യത്തില്‍ ഊബര്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ ഊബര്‍ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തി. ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് ചര്‍ച്ചകള്‍ നടന്നത്.
ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണ് ഊബര്‍ ഈറ്റ്‌സിനുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ്സ് ഗ്രാബിന് വിറ്റു. ഇടപാടിന്റെ ഭാഗമായി ഊബറിന് ഗ്രാബില്‍ 27.5 ശതമാനം ഓഹരി ലഭിച്ചു. ഇപ്പോള്‍, സോമാറ്റോയും സ്വിഗ്ഗിയുമായും മത്സരിക്കുന്ന ഇന്ത്യന്‍ ഭക്ഷ്യ വിതരണ സേവനത്തില്‍ നിന്നും പിന്മാറാനുള്ള ശ്രമത്തിലാണ് ഊബര്‍.

LEAVE A REPLY

Please enter your comment!
Please enter your name here