റിലയന്‍സ് ജിയോ ഇന്‍ഫോകോം മ്യൂച്വല്‍ ഫണ്ട് രംഗത്തേക്കും

0

മുംബൈ: മ്യൂച്വല്‍ ഫണ്ട് രംഗത്തേക്കും റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രവേശിക്കുന്നു. മ്യൂച്വല്‍ ഫണ്ടിനൊപ്പം മറ്റു ധനകാര്യ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യാനാണ് റിലയൻസിന്റെ പുതിയ പദ്ധതി.
മ്യൂച്വൽ ഫണ്ടുകൾ വിൽക്കാൻ റിലയൻസ് ജിയോയുടെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ജിയോമണിയാവും ഉപയോഗിക്കുക. മറ്റ് സേവനങ്ങൾക്കൊപ്പം ബില്ലുകൾ അടയ്ക്കുന്നതിനും മൊബൈൽ ഫോണുകളും ഡിടിഎച്ച് കണക്ഷനുകളും റീചാർജ് ചെയ്യുന്നതിനുപുറമെ സംഭാവന നൽകാനും അയക്കാനും സ്വീകരിക്കാനും ജിയോ മണി ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവില്‍ ഏതാനും മാസങ്ങളിലേക്കാണ് റിലയന്‍സ് ധനകാര്യ സേവനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തവര്‍ഷം ഇതിന്റെ അവതരണം പ്രതീക്ഷിക്കാമെന്നും റിലയന്‍സ് വക്താവ് സൂചന നൽകി. കമ്പനി ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണ വിധേയമായി നടപ്പാക്കിയ ശേഷമാവും ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കുക.
ഏതാനും മാസങ്ങളായി സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് റിലയൻസ് ജിയോയെന്ന് ദേശീയ മാധ്യമമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് ജിയോ ഇതുവരെ തയ്യാറായിട്ടില്ല. ഏതാനും പാദങ്ങളായി തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ഇത്തരം സാമ്പത്തിക സേവനങ്ങളില്‍ ബീറ്റാ ടെസ്റ്റിംഗ് നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പുറത്തിറക്കും മുന്‍പ് ശ്യംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇത് സഹായകരമാകും.
ജിയോ ഇന്‍ഫൊര്‍മേഷന്‍ സൊലൂഷന്‍സ് ലിമിറ്റഡ് വഴി റിസര്‍വ് ബാങ്കില്‍ നിന്നും എക്കൗണ്ട് അഗ്രിഗേറ്റര്‍ ലൈസന്‍സ് കമ്പനി ഇതിനകംനേടിയിട്ടുണ്ട്. ഉപയോക്താവിന്റെ സമ്മതപ്രകാരം മൂന്നാം കക്ഷിയില്‍ നിന്നും ധനകാര്യ വിവരങ്ങള്‍ ശേഖരിക്കാനും പങ്കിടാനുമുള്ള അധികാരം നല്‍കുന്ന ലൈസന്‍സാണിത്. മ്യൂച്വല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്ന ആര്‍ബിഐ, മറ്റ് നിയന്ത്രണ ഏജന്‍സികളായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) എന്നിവര്‍ക്കും കമ്പനി സ്വീകരിക്കുന്ന ധനകാര്യ വിവരങ്ങള്‍ ലഭ്യമാകും. എക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ പൂര്‍ണമായ തോതില്‍ അടുത്തവര്‍ഷം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
റിലയന്‍സ് കമ്പനി മ്യൂച്വല്‍ ഫണ്ട് വിഭാഗത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ പ്രാഗല്‍ഭ്യത്തോടൊപ്പം സാമ്പത്തിക ജ്ഞാനം കൂടിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here