സൈറസ് മിസ്ത്രിയെ പുനര്‍നിയമിച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

0

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ പുനര്‍നിയമിച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ടാറ്റ സണ്‍സിന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. സൈറസ് മിസ്ത്രി ആവശ്യപ്പെടാത്ത പുനര്‍നിയമന വിഷയത്തിലാണ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ടാറ്റ സണ്‍സ് രണ്ട് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിഎല്‍എടി ഉത്തരവെന്നാണ് രത്തന്‍ ടാറ്റ സുപ്രീം കോടതിയില്‍ അറിയിച്ചത്. ടാറ്റ സണ്‍സ് പൊതു കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് തിരുത്തണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയ പശ്ചാത്തലത്തിലാണ് ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും കോടതിയെ സമീപിച്ചത്. സൈറസ് മിസ്ത്രിക്ക് നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ചു. 2012ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോഴാണ് സൈറസ് മിസ്ത്രി ചെയര്‍മാനായത്. 2016ല്‍ ടാറ്റ സണ്‍സ് ബോര്‍ഡ് മിസ്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി രത്തന്‍ ടാറ്റയെ വീണ്ടും ഇടക്കാല ചെയര്‍മാനാക്കി. ഇത് ചോദ്യം ചെയ്താണ് മിസ്ത്രി കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here