എം.ജി മോട്ടോര്‍സ് രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന്; ഗുജറാത്തില്‍ പുതിയ നിര്‍മാണ യൂണിറ്റ്

0

മുംബൈ: ആദ്യ മോഡലായ ഹെക്ടറിനും വൈദ്യുത വാഹനമായ സി എസിനും ലഭിച്ച ലഭിച്ച മികച്ച വരവേല്‍പ്പിന്റെ പിന്‍ബലത്തില്‍ എം ജി മോട്ടോര്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഗുജറാത്തിലെ ഹാലോളിലുള്ള ശാലയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി ഒരു ലക്ഷം യൂണിറ്റാണ്. വരും വര്‍ഷത്തോടെ ശേഷി പൂര്‍ണമായും വിനിയോഗിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ വിഭാഗങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അധിക ഉല്‍പ്പാദന ശേഷി അനിവാര്യമാവുമെന്നാണു ചൈനീസ് നിര്‍മാതാക്കളായ സായ്കിന്റെ ഉടമസ്ഥതയിലുള്ള എം ജി മോട്ടോറിന്റെ വിലയിരുത്തല്‍.
പ്രതിവര്‍ഷം രണ്ടു ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം കൂടി സാധ്യമാവുന്ന വിധത്തില്‍ പുതിയ ശാല സ്ഥാപിക്കാനാണു കമ്പനിയുടെ ആലോചന. വരുന്ന മൂന്നോ നാലോ മാസത്തിനകം പുതിയ ശാല സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് എം ജി മോട്ടോര്‍ മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ രാജീവ് ഛാബ നല്‍കുന്ന സൂചന. നിലവില്‍ വിപണിയുടെ സാധ്യത പഠിക്കാനും ലഭ്യമായ അവസരങ്ങള്‍ വിലയിരുത്താനുമുള്ള നടപടികളാണു പുരോഗമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ അവതരിപ്പിച്ച രണ്ട് എസ് യു വികള്‍ക്കും ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിച്ചതോടെ പുതിയ വിഭാഗങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആത്മവിശ്വാസം കമ്പനിക്കു കൈവന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യഘട്ടത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപമാണ് എം ജി മോട്ടോര്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെയാവും പുത്തന്‍ നിര്‍മാണശാലയ്ക്കുള്ള അധിക നിക്ഷേപം. മുമ്പ് പ്രഖ്യാപിച്ച 5,000 കോടി രൂപയില്‍ 2,200 കോടി രൂപയാണ് എം ജി മോട്ടോര്‍ ഇതുവരെ മുടക്കിയത്; അവശേഷിക്കുന്ന തുകയും അടുത്ത വര്‍ഷത്തോടെ നിക്ഷേപിക്കുമെന്നാണു പ്രതീക്ഷ.
പുതിയ ശാല സ്ഥാപിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കൊപ്പം നിലവിലുള്ള ശാല വിപുലീകരിക്കുന്ന ബ്രൗണ്‍ഫീല്‍ഡ് സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ടെന്നു ഛാബ അറിയിച്ചു. രണ്ടാം ഘട്ട വികസനത്തിനും ആയിരക്കണക്കിനു കോടി രൂപയാണു കമ്പനി ചെലവ് കണക്കാക്കുന്നത്. എന്നാല്‍ കൃത്യമായ പദ്ധതി ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നു ഛാബ വ്യക്തമാക്കി. അതേസമയം നാലു മീറ്ററില്‍ താഴെ നീളമുള്ള വാഹനവും 10 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കു ലഭിക്കുന്ന വൈദ്യുത കാറുമൊക്കെ ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അടുത്ത മാസത്തെ ഓട്ടോ എക്‌സ്‌പോയില്‍ 17 മോഡലുകളാവും എം ജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കുക. വൈദ്യുത വാഹന വിഭാഗത്തില്‍ ചെറുകാര്‍, സെഡാന്‍, എസ്യുവി തുടങ്ങിയവയൊക്കെ കമ്പനി അണി നിരത്തുമെന്ന് എം ജി മോട്ടോര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസറുമായ ഗൗരവ് ഗുപ്ത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here