ഡല്‍ഹിയില്‍ എ.എ.പി വിജയം; ബിരിയാണിക്കും വന്‍ ഡിമാന്‍ഡ്

0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിരിയാണി വില്‍പ്പനയില്‍ വന്‍വര്‍ദ്ധന. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ ചില ഹോട്ടലുകള്‍ ഡിസ്‌കൗണ്ട് സെയിലും പ്രഖ്യാപിച്ചു. ദേശീയ മാദ്ധ്യമമായ എകണോമിക് ടൈംസിന്റേതാണ് റിപ്പോര്‍ട്ട്.
നേരത്തെ, വിജയം ബിരിയാണി ആഘോഷിച്ച് കഴിക്കണമെന്ന നിരവധി ആം ആദ്മി പ്രവര്‍ത്തകര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. സി.എ.എയ്ക്കെതിരെ സമരം നടത്തുന്ന ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളമ്പുകയാണ് എന്ന് യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതാണ് ബിരിയാണിക്ക് ഡിമാന്‍ഡ് കൂടാനുള്ള സാഹചര്യം.
പ്രകൃത്യാ, ആഘോഷ സ്വഭാവമുള്ള ഭക്ഷണമാണ് ബിരിയാണിയെന്നും നല്ല ഓര്‍ഡര്‍ കിട്ടുന്നുണ്ടെന്നും ഡല്‍ഹിയിലെ ബിരിയാണി ബ്ലൂസ് റസ്റ്ററന്‍ഡ് ഉടമ റെയ്മണ്ട് ആന്‍ഡ്ര്യൂസ് പറയുന്നു.
ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന ഓഫറാണ് സാകേതിലെ ബഹാബലി റെസ്റ്ററന്‍ഡ് നല്‍കുന്നത്. വന്‍തോതില്‍ ഓര്‍ഡര്‍ കൂടിയതായി ഹോട്ടല്‍ പാട്ണര്‍ തോമസ് ഫെന്‍ സാക്ഷ്യപ്പെടുത്തുന്നു. 25 ശതമാനം പ്രോമോഷണല്‍ ഓഫറിട്ടാണ് ബിരിയാണി ചെയ്നായ ബി.ബി.കെ ഭക്ഷണം വില്‍ക്കുന്നത്.
‘ഷഹീന്‍ബാഗിലെയും മറ്റിടങ്ങളിലെയും പ്രതിഷേധക്കാരെ ബിരിയാണി തീറ്റിക്കുകയാണ് കെജ്രിവാള്‍ സര്‍ക്കാര്‍’ – എന്നായിരുന്നു ഡല്‍ഹിയിലെ പ്രചാരണ റാലികള്‍ക്കിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രതിഷേധം നടക്കുന്ന സ്ഥലമാണ് ഷാഹിന്‍ബാഗ്. തീവ്രവര്‍ഗീയത ഉയര്‍ത്തിയ പ്രചാരണത്തിന് ശേഷവും ഷാഹിന്‍ബാഗ് ഉള്‍ക്കൊള്ളുന്ന ഓഖ്ല മണ്ഡലത്തില്‍ ബി.ജെ.പി മുക്കാല്‍ ലക്ഷത്തോളം വോട്ടിന് തോറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here