വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കിന് മുന്നില്‍ സമരവുമായി മത്സ്യതൊഴിലാളി കുടുംബങ്ങള്‍

0

ആലപ്പുഴയില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കിന് മുന്നില്‍ സമരവുമായി മത്സ്യതൊഴിലാളി കുടുംബങ്ങള്‍. ആലപ്പുഴ ആറാട്ടുപുഴയിലെ കോര്‍പറേഷന്‍ ബാങ്കിന് മുന്നിലാണ് പ്രതിഷേധ സമരം. വായ്പയ്ക്കുള്ള അപേക്ഷ വാങ്ങിയ ശേഷമാണ് തൊഴില്‍ സാധ്യത കുറവാണെന്ന കാരണം പറഞ്ഞ് ബാങ്ക് ലോണ്‍ നിഷേധിച്ചത്.
ആറാട്ടുപുഴ സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ സീന, മകളെ ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്നിട്ട് ആറ് മാസം കഴിഞ്ഞു. ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ല. വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ബാങ്ക് മാനേജറുടെ വാക്ക് വിശ്വസിച്ചാണ് പലരില്‍ നിന്നായി കടംവാങ്ങി പഠനത്തിന് അയച്ചത്. എന്നാല്‍ നഴ്‌സിംഗിന് തൊഴില്‍സാധ്യത കുറവാണെന്നും വായ്പ അനുവദിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഇവരെ കോര്‍പറേഷന്‍ ബാങ്ക് രേഖാമൂലം അറിയിച്ചു.
ആറാട്ടുപുഴയില്‍ തന്നെയുള്ള വിനോദിന്റെയും വീണയുടെയും മകള്‍ക്കും ഇതേ കാരണം പറഞ്ഞ് വായ്പ നിഷേധിച്ചു. ഇവരുടെ മകളും ബംഗളൂരുവില്‍ പഠിക്കുകയാണ്. ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്, പിന്തുണയുമായി ജനപ്രതിനിധികളുമെത്തി. വായ്പ നല്‍കുന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജര്‍ പറയുന്നത്. തിരിച്ചടവ് മുടങ്ങുന്നത് കൊണ്ടാണ് വിദ്യാഭ്യാസ വായ്പകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here