സ്‌കൂളുകളില്‍ ഇനി ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം രണ്ടാം തസ്തിക

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപകരുടെ തസ്തിക നിര്‍ണ്ണയത്തിന് പുതിയ നിര്‍ദേശവുമായി ധനവകുപ്പ്. ഇനി മുതല്‍ ആറ് കുട്ടികള്‍ കൂടിയാല്‍ മാത്രം രണ്ടാം തസ്തിക മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഇതോടെ ഒരു കുട്ടി കൂടിയാല്‍ പുതിയ തസ്തിക എന്ന രീതി മാറും.
സംസ്ഥാനത്തെ എല്‍ പി സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന അനുപാതമാണ് പിന്തുടരുന്നത്. ഒരു വിദ്യാര്‍ത്ഥി അധികമായാല്‍ രണ്ടാമത്തെ അധ്യാപകനെ നിയമിക്കുന്ന രീതിയായിരുന്നു നിലവില്‍. ഇതാണ് മാറുന്നത്. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന വരും.
അതേസമയം സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിയമവഴി തേടാനുള്ള തീരുമാനത്തിലാണ് മാനേജ്‌മെന്റുകള്‍. മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാരുള്ളത്. കോടതിയില്‍ പോയാല്‍ മാനേജ്‌മെന്റുകള്‍ക്ക് ഇക്കാര്യം വ്യക്തമാക്കുമെന്നും കേരള വിദ്യാഭ്യാസ അവകാശ നിയമം സര്‍ക്കാര്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ അനുമതി വേണമെന്നതല്ലാതെ മാനേജര്‍മാരുടെ നിയമനാധികാരം മാറ്റാത്തതിനാല്‍ കെഇആറില്‍ കൊണ്ടുവരാന്‍ പോകുന്ന ഭേദഗതി കോടതി ചോദ്യം ചെയ്യാനിടയില്ലന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി ബില്ലായികൊണ്ടുവരാനാണ് ശ്രമം. അതിനിടെ കുട്ടികളുടെ ആധാര്‍ വിവരങ്ങളിലെ പൊരുത്തക്കേടില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിശോധന നടത്തും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലായി 1.13 ലക്ഷം കുട്ടികളുടെ ആധാറില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ വര്‍ഷം 1.38 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ കൂടിയത് വന്‍ നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് കണക്കിലെ പ്രശ്‌നം വരുന്നത്.
എയ്ഡഡ് സ്‌കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് പിറണായി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് നിര്‍ദ്ദേശമുണ്ടായത്. പരിശോധനയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ, 18,119 തസ്തികകള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും 13,255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുന്നുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കില്ലെങ്കിലും ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വിവിധ എയ്ഡഡ് മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here