കൊറോണ; ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു

0

ചൈനയില്‍ പടരുന്ന കൊറോണ വൈറസ് ബാധ ലോകസമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്നു. ലോക സമ്പദ് വ്യവസ്ഥയില്‍ 0.1 മുതല്‍ 0.2 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഗ്ലോബല്‍ വിമന്‍സ് ഫോറം ദുബായില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ അന്താരാഷ്ട്ര നാണയനിധി( ഐഎംഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിലിന ജോര്‍ജീവിയ പറഞ്ഞു. നിലവില്‍ കൊറോണ വൈറസ് ബാധമൂലം 1700 മരിച്ചു. രോഗത്തിന്റെ വ്യാപനം തടയാന്‍ എത്രമാത്രം കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാകും ഇതിന്റെ സാമ്പത്തിക ആഘാതം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2.9 ശതമാനമായിരുന്നു. 2020ല്‍ ഇത് 3.3 ശതമാനമായി വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്കില്‍ ഐഎംഎഫ് പറയുന്നത്. നേരത്തെ വളര്‍ച്ചാ നിരക്ക് 3.4 ശതമാനമായി ഉയരുമെന്നായിരുന്നു ഐഎംഎഫ് പ്രവചനം. എന്നാല്‍ കോറോണ വൈറസിന്റെ വ്യാപനം വളര്‍ച്ചാ നിരക്കില്‍ 0.1 ശതമാനം കുറവ് വരുത്താന്‍ ഐഎംഎഫിനെ പ്രേരിപ്പിച്ചു.
ആഗോളതലത്തില്‍ വിനോദസഞ്ചാരം, ഗതാഗതം എന്നീ മേഖലകളെ കൊറോണ വൈറസ് ബാധിച്ചു. 2002 ല്‍ സാര്‍സ് രോഗം ചൈനയുടെ സമ്പദ് വ്യവസ്ഥയെ എട്ട് ശതമാനം ബാധിച്ചെങ്കില്‍ ഇപ്പോള്‍ അത് 19 ശതമാനമായി. ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര കരാര്‍ കൊറോണ വൈറസിന്റെ സാമ്പത്തിക മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ കാരണമായതായും ജോര്‍ജീവിയ പറഞ്ഞു. ചൈനയില്‍ ദശലക്ഷക്കണക്കിന് വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ദിനംപ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരങ്ങള്‍ക്കാണ് രോഗം പടര്‍ന്ന് പിടിക്കുന്നതെന്ന് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്‌സ് വൈസ് ചെയര്‍മാന്‍ ഹുവാന്‍ ഖിഫാന്‍ പറയുന്നു.
കൊറോണ വൈറസ് ( കൊവിഡ്19) വ്യാപിക്കുന്നത് തടയുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ പൂര്‍ണമായി തകരുമെന്നാണ് റിപ്പോര്‍ട്ട്. സേവന മേഖലയും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. സിനിമാ ശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 11 ശതമാനം പ്രദാനം ചെയ്യുന്ന വിനോദസഞ്ചാര മേഖല ആകെ തകര്‍ന്നു. ചൈനയിലെ ടൂറിസം മേഖലയില്‍ 100 ദശലക്ഷം പേരാണ് പ്രത്യക്ഷമായും പരോക്ഷമായും പണിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ആറ് ശതമാനമാകുമെന്നായിരുന്നു നേരത്തെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ പരമാവധി നാല് ശതമാനമായി പരിമിതപ്പെടുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. പരിമിതമായ സമയത്തിനുള്ളില്‍ കൊറോണ വൈറസ് ബാധ ചൈനയുടെ ജിഡിപിയില്‍ രണ്ട് ശതമാനം കുറവ് വരുത്തിയത് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here