അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരിലിറങ്ങിയ ജംബോ വിമാനത്തിന് ഊഷ്മളമായ സ്വീകരണം

0

മലപ്പുറം: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിംഗ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍.എസ്.യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ജിദ്ദയില്‍ നിന്ന് രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തെ റണ്‍വേയില്‍ വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് എയര്‍ ഇന്ത്യയുടെ ജംബോ ബോയിംഗ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് പുനരാരംഭിച്ചത്.
423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സര്‍വീസിനായി ഉപയോഗിക്കുന്നത്. 20 ടണ്‍വരെ കാര്‍ഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുള്‍ വഹാബ്, എം.കെ. രാഘവന്‍, വിമാനത്താവള ഡയറക്ടര്‍ എ. ശ്രീനിവാസ റാവു, എയര്‍ ഇന്ത്യ സോണല്‍ ജനറല്‍ മാനേജര്‍ ഭുവനാ റാവു എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ താളവാദ്യങ്ങളും സ്വീകരണത്തിനു മാറ്റു പകര്‍ന്നു.
ജിദ്ദയില്‍ നിന്ന് ഞായര്‍, വെളളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഇതേ ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here