ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം താഴുമെന്ന് റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: 2020ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.4 ശതമാനം ആയിരിക്കുമെന്ന് മൂഡിസ് റിപ്പോര്‍ട്ട്. നേരത്തെ 6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും ഇന്ത്യയുടെ ജിഡിപിയെന്നായിരുന്നു മൂഡിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുത്തനെ താഴ്ന്നിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ തിരിച്ചടി ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെയുണ്ടായ സംഭവ വികാസങ്ങള്‍ അതിനു തിരിച്ചടി ആയെന്നാണ് മൂഡിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ്വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും മൂഡീസ് വിലയിരുത്തുന്നു.
ഇപ്പോഴത്തെ സാമ്പത്തിക പാദത്തില്‍ വളര്‍ച്ച നിരക്കിന് അനുകൂലമായി മാറ്റങ്ങള്‍ പ്രകടമാണെങ്കിലും കുത്തനെയുള്ള വളര്‍ച്ച ഉണ്ടാകില്ലെന്നാണ് മൂഡിസ് പറയുന്നത്. 2020 ല്‍ 5.4ശതമാനവും 2021 ല്‍ 5.8 ശതമാനവുമാണ് മൂഡിസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി. 2020 ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായി കുറയുമെന്നും മൂഡിസ് റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ 5.7 ശതമാനം വളര്‍ച്ച മാത്രമേ ചൈനക്കുണ്ടാകുമെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here