കശുമാങ്ങ ഇനി വലിച്ചെറിയേണ്ട; കിലോയ്ക്ക് മൂന്നു രൂപ സര്‍ക്കാര്‍ നല്‍കും.

0

കൊല്ലം: കശുമാങ്ങ വലിച്ചെറിയുന്ന കാലം കഴിഞ്ഞു. സര്‍ക്കാര്‍ മൂന്നു രൂപ നിരക്കില്‍ വാങ്ങും. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്പാദന വര്‍ധനവ് ലക്ഷ്യമിട്ട് കാഷ്യു വികസന കോര്‍പറേഷനാണ് കര്‍ഷകരില്‍ നിന്ന് കശുമാങ്ങ ശേഖരിക്കു ന്നത്. കഴിഞ്ഞ വര്‍ഷം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കൂടുതല്‍ ഉത്പാദനം കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് അധിക വരുമാനം കണ്ടെത്താനും ഈ തീരുമാനം വഴിയൊരുക്കും. കാഷ്യു സോഡ, ജാം, കാഷ്യു ആപ്പിള്‍ ജൂസ് എന്നിവയാണ് കശുമാങ്ങയില്‍ നിന്നു ഉല്പാദനം ആരംഭിച്ചത്.
വിപണിയില്‍ നല്ല ഡിമാന്‍ഡുള്ളതിനാലാണ് ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ കശുമാങ്ങ വിലയ്‌ക്കെടുക്കുന്നത്.
ഔഷധഗുണങ്ങള്‍ ഏറെയുള്ള ഫലമാണ് കശുമാങ്ങ. വിറ്റാമിന്‍ സിയുടെ കലവറയാണിത്. 100 ഗ്രാം കശുമാങ്ങയില്‍ 261 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഫോസ്ഫറസ്, കാത്സ്യം,ഇരുമ്പ്, കൊഴുപ്പ്, തയ്യാമിന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഈ ഫലത്തിലുണ്ട്.
കശുമാങ്ങയിലെ ചവര്‍പ്പ് അഥവാ കാറലാണ് മറ്റ് ഫലങ്ങള്‍പോലെ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ കാരണം. ചവര്‍പ്പ് (കാറല്‍) കളഞ്ഞാല്‍ സ്വാദുകൊണ്ടും ഔഷധഗുണങ്ങള്‍കൊണ്ടും മുമ്പന്തിയിലുള്ള ഈ ഫലത്തെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
കശുമാങ്ങയില്‍ അടങ്ങിയ ടാനിന്‍ എന്ന രാസപദാര്‍ഥത്തിന്റെ സാന്നിധ്യമാണ് കാറല്‍ അഥവാ ചവര്‍പ്പിന് അടിസ്ഥാനം. ടാനിന്റെ സാന്നിധ്യംകൊണ്ട് ചവര്‍പ്പ് അനുഭവപ്പെടുന്നുവെന്നുമാത്രമല്ല, അലൂമിനിയം, ഓട്, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നിവകൊണ്ട് നിര്‍മിച്ച് പാത്രങ്ങളിലൊന്നും കശുമാങ്ങ ശേഖരിക്കാനോ നീര് തയ്യാറാക്കി സൂക്ഷിക്കാനോ പാടില്ല. പ്‌ളാസ്റ്റിക് കൊണ്ടോ, സ്റ്റെയിന്‍ലസ് കൊണ്ടോ നിര്‍മിച്ച പാത്രങ്ങള്‍ മാത്രമേ കശുമാങ്ങ ശേഖരണത്തിനും നീരുസംഭരണത്തിനും ഉപയോഗിക്കാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here