ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന ഇന്ത്യയിലെ രണ്ടാമത്തെ ധനികന്റെ അവസ്ഥ ഇപ്പോഴിങ്ങനെ

0

ലണ്ടന്‍: ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ ആസ്തിയുണ്ടായിരുന്ന ഇന്ത്യയിലെ രണ്ടാമത്തെ ധനികന്റെ അവസ്ഥ ഇപ്പോഴിങ്ങനെ; ചേട്ടന്‍ രാജാവും അനിയന്‍ ദരിദ്രനും. 3.75 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയുടേയും 500 കോടി രൂപ വായ്പ തിരിച്ചടയ്ക്കാന്‍ ചേട്ടന്റെ കൈയില്‍ നിന്ന് വാങ്ങേണ്ടിവരുന്ന അനില്‍ അംബാനിയുടേയും കഥ ഇതിനകം അങ്ങാടിയില്‍ പാട്ടാണ്.
എന്നാലിപ്പോഴിതാ താന്‍ പാപ്പരാണെന്ന് ലണ്ടന്‍ കോടതിയിലും പോയി അനില്‍ സമ്മതിച്ചിരിക്കുകയാണ്. 550 മില്ല്യണ്‍ പൗണ്ടിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിധം തകര്‍ന്നതായാണ് അനില്‍ അംബാനി കഴിഞ്ഞ ദിവസം ലണ്ടന്‍ ഹൈക്കോടതിയെ അറിയിച്ചത്.
ഒരു കാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ ധനികനെന്ന പദവിയില്‍ ഇരുന്ന അനില്‍ അംബാനി ഇപ്പോള്‍ തന്റെ ആസ്തികള്‍ പൂജ്യത്തിലേക്ക് എത്തിച്ചേര്‍ന്നതായി അവകാശപ്പെട്ടു. 2012ല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലോണ്‍ നല്‍കിയ മൂന്ന് ചൈനീസ് ദേശീയ ബാങ്കുകളാണ് അനില്‍ അംബാനിക്ക് എതിരെ കോടതിയെ സമീപിച്ചത്. ഈ കമ്പനി പിന്നീട് തകര്‍ന്നിരുന്നു. വ്യക്തിപരമായി തുക തിരികെ നല്‍കാമെന്ന് അനില്‍ സമ്മതിച്ചിരുന്നതായാണ് ബാങ്കുകള്‍ വാദിക്കുന്നത്, ഈ വാദം അംബാനി നിഷേധിക്കുന്നു.
2002ല്‍ പിതാവിന്റെ ശതകോടി ബില്ല്യണ്‍ പൗണ്ട് കോര്‍പ്പറേഷനായ റിലയന്‍സിന്റെ പാരമ്പര്യ അവകാശമാണ് 60കാരനായ അനിലിനും സഹോദരന്‍ മുകേഷിനും ലഭിച്ചത്. വിനോദ വ്യവസായത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ച അനില്‍ അംബാനി സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ഓസ്‌കാര്‍ ചിത്രം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പണമൊഴുക്കി. എന്നാല്‍ മുകേഷ് അംബാനിയുടെ ഓയില്‍, പെട്രോ കെമിക്കല്‍സ് ബിസിനസ്സ് ഈ ഘട്ടത്തില്‍ വന്‍തോതില്‍ വളര്‍ന്നു. ഇതിനിടെ 2008ല്‍ ആഞ്ഞടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ അനിലിന്റെ ടെലികോം കമ്പനി തകര്‍ന്നടിഞ്ഞു. 90 ശതമാനം ഓഹരി വിലയും ഇല്ലാതായി.
‘ഷെയര്‍ഹോള്‍ഡിംഗിന്റെ നിലവിലെ മൂല്യം 63.7 മില്ല്യണ്‍ പൗണ്ടായി താഴ്ന്നു. ബാധ്യതകള്‍ നോക്കിയാല്‍ ആകെ ആസ്തി പൂജ്യത്തിലുമാണ് നില്‍ക്കുന്നത്. ഈ അവസ്ഥയില്‍ നടപടിക്രമങ്ങള്‍ക്കായി പണമാക്കി മാറ്റാന്‍ കഴിയുന്ന അര്‍ത്ഥവത്തായ ആസ്തികള്‍ ഒന്നും കൈയിലില്ല’, അംബാനി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജഡ്ജ് ഡേവിഡ് വാക്സ്മാന്‍ ഈ വാദം അപ്പാടെ അംഗീകരിച്ചില്ല. 36 മില്ല്യണ്‍ പൗണ്ടിന്റെ യാച്ചും, 60 മില്ല്യണ്‍ പൗണ്ടിന്റെ ബോയിംഗ് ജെറ്റും, 2 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള മുംബൈയിലെ ഭവനവുമുള്ള അനില്‍ അംബാനിക്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ ഇതുകൊണ്ടു കഴിയുന്നില്ലെന്നതാണ് കോടതി ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here