ലോകം മുഴുവന്‍ നിയന്ത്രണം; ചൈനയിലെ വുഹാന്‍ സാധാരണജീവിതത്തിലേക്ക്

0

ബീജിങ്: ലോകം മുഴുവന്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിക്കൊണ്ടിരിക്കെ, രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങി. വൈറസ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ലോകമെമ്പാടും 170 കോടി ആളുകള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നതിനിടെയാണ് വുഹാനിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാനൊരുങ്ങുന്നത്.
വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ രോഗബാധയില്ലാത്ത ആരോഗ്യമുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടുമാസത്തോളം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിഞ്ഞവരാണ് ഈ പ്രവിശ്യയിലുള്ളവര്‍.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തോളം കര്‍ശനമായ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഹുബെയ് പ്രവിശ്യ നിശ്ചലമായിരുന്നു. എന്നാല്‍ ഹുബെയിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോഴും വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ എട്ടുവരെ നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്.
അതേസമയം ചൈനയില്‍ നിന്ന് പുറത്തേക്ക് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവരില്‍ കൂടി അവിടെ വീണ്ടും പടരുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here