കൊറോണ; വരാനിരിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലം

ന്യൂഡല്‍ഹി: കൊറോണയുടെ ആഘാതം ലോകത്തിന് വരുത്തുന്നത് വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലം. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരികയെന്നുമാണ് മുന്നറിയിപ്പ്.
ലോക സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ തുടക്കം കുറിച്ച് കൊറോണ ഇതിനകം 192 രാജ്യങ്ങളിലായി മൂന്നരലക്ഷത്തോളം ജനങ്ങളെ ബാധിച്ചുകഴിഞ്ഞു. നൂറോളം രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ വിനോദ സഞ്ചാരമേഖല പൂര്‍ണമായും നിശ്ചലമായി. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി.
യൂറോപ്യന്‍ യൂണിയന്‍ മുപ്പത് ദിവസത്തേക്ക് പുറമെ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ചു. ഈ വിലക്ക് 48000 വിമാന സര്‍വീസുകളെയും ഒരു കോടി യാത്രക്കാരെയും ബാധിക്കും. ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വിപണികള്‍ എല്ലാം തന്നെ ഗുരുതരമായ തകര്‍ച്ചയാണ് നേരിടുന്നത്. അമേരിക്കയുടെ ഡൗ ജോണ്‍സ്, ജപ്പാന്റെ നിക്കേയി, ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ ഒന്നാംനിര ഓഹരി സൂചികകള്‍ മൂന്നാഴ്ച കൊണ്ട് 30 ശതമാനത്തിലേറെ കൂപ്പുകുത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലും സ്ഥിതി ഭിന്നമല്ല.
ഓഹരി വിപണി മൂല്യത്തില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഒറ്റയടിക്ക് ചോര്‍ന്നതോടെ നിരവധി പെന്‍ഷന്‍, സമ്പാദ്യ പദ്ധതികള്‍ തകര്‍ച്ച നേരിടുന്നു.ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയുടെ ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു. ചൈനയിലെ പല വന്‍കിട നിര്‍മാണശാലകളും അടഞ്ഞു കിടക്കുകയാണ്. അവരുടെ ഉല്‍പ്പാദനത്തില്‍ 13.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിസാന്‍, ഫോക്സ് വാഗന്‍, ഹോണ്ട, ജി.എം. തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കള്‍ അവരുടെ പ്ലാന്റുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയ മുന്നറിയിപ്പ് നല്‍കി. ഇത് എത്രകാലം നീണ്ടു നില്‍ക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാണ്. ഇന്നലെ മാത്രം ഓഹരിവിപണികളില്‍ വന്‍ ഇടിവാണുണ്ടായത്. 14 ലക്ഷം കോടിയാണ് ഇന്നലെ മാത്രം ചോര്‍ന്നത്. രാജ്യത്തെ വിമാനകമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഇതിനകം പ്രതിസന്ധിയിലായിക്കഴിഞ്ഞു. കേരളത്തേയും കൊറോണ സാമ്പത്തികമായി തകര്‍ക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here