മനസും ശരീരവും കുളിര്‍പ്പിക്കാന്‍ അടവി

അടവി എക്കോ ടൂറിസത്തിലേക്ക് വരൂ… മനസും ശരീരവും കുളിര്‍പ്പിക്കൂ…..അടവി എക്കോ ടൂറിസവും അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചാട്ടവും വളരെയേറെ പുതുമ നല്‍കുന്ന സ്ഥലവുമാണ്.
വനം വകുപ്പ് 2008-ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്. കോന്നിയില്‍ നിന്ന് തണ്ണിത്തോട് റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം. കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം പിന്നിട്ടാല്‍ തണ്ണിതോട് എന്ന കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴിയായ കല്ലാറില്‍ കുട്ടവഞ്ചി സവാരി കാണാനാവും.
വെറും തുഴച്ചില്‍ മാത്രമല്ല കാണാനാവുക. ഹോഗനക്കല്‍ നിന്ന് വന്ന പരിശീലനം നേടിയ തുഴച്ചിലുകാരുടെ കുട്ടവഞ്ചി കറക്കവും ഉണ്ട്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 900 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 500 രൂപയ്ക്ക് ഹ്രസ്വദൂര സവാരിക്കും ഇവിടെ അവസരമുണ്ട്.
ഇതേ വഴി ഒരു 1-1.5 കിലോ മീറ്റര്‍ കൂടി മുന്നോട്ട് വിട്ടാല്‍ നേരെ ചെന്നെത്തുന്നത് മണ്ണിറ വെള്ളച്ചാട്ടത്തില്‍ ആണ്. അത്ര അപകടകരമല്ലാത്ത ട്രെക്കിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ച് കൂടി മുകളിലേക്ക് പോയാല്‍ മനോഹരമായ കട്ടറിന്റെ തെളിഞ്ഞ വെള്ളത്തില്‍ കുളിക്കാം. ഒരല്പം സാഹസികതയും മടുക്കാത്ത മനസ്സും ഉള്ളവര്‍ക്ക് നേരെ അധികം റിസ്‌ക് ഇല്ലാതെ കുളിക്കാന്‍ പറ്റിയ വെള്ളച്ചാട്ടം ആണ് ഇവിടം. നല്ല വഴുക്കലുള്ള പാറകളാണ്. അത് കൊണ്ട് തന്നെ ഉള്ളിലേക്ക് പോകുമ്പോള്‍ സൂക്ഷിച്ചു വേണം പോകാന്‍. പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്ന് കരിമാന്‍തോട്, മേടപ്പാറ എന്നിവിടങ്ങളിലേക്കും തണ്ണിത്തോട് വഴി ചിറ്റാറിലേക്കുമുള്ള ബസുകള്‍ മുണ്ടോംമൂഴി വഴിയാണ് കടന്നുപോകുന്നത്. റാന്നി, ആങ്ങമൂഴി, സീതത്തോട് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ചിറ്റാര്‍, നീലിപിലാവ് വഴി തണ്ണിത്തോട്ടില്‍ എത്തി കോന്നി റോഡില്‍ മുണ്ടോംമൂഴിയില്‍ ഇറങ്ങാം.