കോ- വർക്കിംഗ് സ്പേസിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടി രോഷ്ന

കൊച്ചി: അഭിഭാഷകയായാണ് കോഴിക്കോട് തിക്കോടി സ്വദേശിനി രോഷ്‌ന ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യവസായ സംരംഭക എന്നത് മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്നം മാത്രം. എന്നാല്‍ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ മാസം ലക്ഷങ്ങള്‍ വരുമാനം നേടുന്ന സംരംഭകയായാണ് രോഷ്‌ന അസെന്‍ഡ് 2020 ലോക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയത്.
കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന ആരും പരീക്ഷിക്കാത്ത മേഖലയാണ് രോഷ്‌ന തിരഞ്ഞെടുത്ത് വിജയം നേടിയത്. കോഴിക്കോട് ആസ്ഥാനമായ സാമുറിന്‍ കമ്മ്യൂണ്‍ സ്‌പേസ് എന്ന സ്ഥാപനത്തിന്റെ സാരഥിയാണിന്ന് രോഷ്‌ന. കോ-വര്‍ക്കിംഗ് സ്‌പേസ് എന്നത് ആര്‍ക്കും അത്ര പരിചയമില്ലാത്ത വാക്കാണ്. പക്ഷേ എല്ലാവര്‍ക്കും ആവശ്യമുള്ളതും ആണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക – ഒറ്റവാക്കില്‍ വേണമെങ്കില്‍ ഇതിനെ ഇങ്ങനെ പറയാം. മൂലധനം കൈയിലുള്ള പലര്‍ക്കും വ്യവസായങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് കൂടുതല്‍ ചെലവ് വേണ്ടി വരുന്നത്. ഇത് പലരെയും വ്യവസായങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഇവര്‍ക്ക് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് കോം വര്‍ക്കിംഗ് സ്‌പേസ് കൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം ഓഫീസ് മുറി വാടകക്കു നല്‍കുന്ന പദ്ധതിയായി ഇതിനെ കുറച്ചു കാണേണ്ടതില്ല. അതിനേക്കാളുപരി ആവശ്യക്കാരുടെ താല്പര്യം അനുസരിച്ച് ഓഫീസ്മുറികളും മറ്റും റെഡിയാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഓരോ ബിസിനസ് ആവശ്യങ്ങള്‍ക്കും അതനുസരിച്ചുള്ള സജ്ജീകരണങ്ങളാണ് ചെയ്ത് നല്‍കുന്നത്. വാടകക്കു നല്‍കുന്നതു കൊണ്ടു തന്നെ സംരംഭകര്‍ക്ക് ആരംഭ ഘട്ടത്തിലുള്ള ചെലവില്‍ നിന്നും രക്ഷപ്പെടാം. ഇത് എല്ലാവര്‍ക്കും സഹായം ചെയ്യുന്ന ഒരു ജോലി കൂടിയാണെന്ന് രോഷ്‌ന പറയുന്നു. ഒരു കോടി രൂപക്കടുത്ത് മൂലധനം ഇറക്കിയാണ് രോഷ്‌ന ബിസിനസ് ആരംഭിച്ചത്.
പിന്നീട് ഇതിലേക്ക് പണം ഇറക്കേണ്ടി വന്നില്ല. എന്നാല്‍ നല്ല വരുമാനം തിരികെ ലഭിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒന്നര ലക്ഷം രൂപ വരെ മാസവരുമാനമാണ് രോഷ്‌ന ഇതിലൂടെ നേടുന്നത്. സ്ത്രീയായതുകൊണ്ട് വ്യവസായ സംരംഭങ്ങള്‍ പ്രത്യേകിച്ച് വെല്ലുവിളികളൊന്നും തന്നെയില്ലെന്ന് രോഷ്‌ന പറയുന്നു. മൂലധനം തന്നെയാണ് പ്രശ്‌നം. അത് സ്ത്രീയും പുരുഷനും ഒരേ പോലെ നേരിടുന്ന വെല്ലുവിളിയാണ്. അത് മറികടന്നാല്‍ പിന്നീട് വിജയം നേടുമെന്ന് ഉറപ്പാണ്.
ബിസിനസ് വ്യാപിപ്പിക്കാന്‍ തന്നെയാണ് ഈ യുവ സംരംഭകയുടെ തീരുമാനം. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തില്‍ സ്‌പേസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഭര്‍ത്താവ് ഷിബുവും ബിസിനസില്‍ സഹായിയായി ഒപ്പം നില്‍ക്കുന്നുണ്ട്.