ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്‌സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018 – 19 വര്‍ഷത്തെ കേന്ദ്രബജറ്റ് 24.42 ലക്ഷം കോടിയാണ്. എന്നാല്‍ ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടിയാണ്. 2019 ല്‍ ഒരു ശതമാനമുള്ള അതി സമ്പന്നരുടെ ആസ്തി വര്‍ധിച്ചത് 46 ശതമാനത്തോളമാണ്. അതേസമയം, അമ്പത് ശതമാനമുള്ള ദരിദ്രരുടെ ആസ്തി വര്‍ധിച്ചത് മൂന്ന് ശതമാനം മാത്രമാണ്. ഉന്നത ടെക് കമ്പനിയിലെ സിഇഒയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന് തുല്യമായ വരുമാനം ലഭിക്കാന്‍ ഒരു വീട്ടുജോലിക്കാരി 22,277 വര്‍ഷം പണിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് വീട്ടുജോലിക്കാരി ഉണ്ടാക്കുന്ന തുക വെറും 10 മിനിറ്റിലാണ് ടെക് കമ്പനിയുടെ സിഇഒ നേടുക. രാജ്യത്തെ സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും പ്രതിഫലം ലഭിക്കാതെ 326 കോടി മണിക്കൂറാണ് പണിയെടുക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 19 ലക്ഷം കോടി രൂപയാണ് സമ്പദ്ഘടനയില്‍ ഉണ്ടാകുന്നത്. അതേസമയം, ലോകത്ത് 2153 പേരുടെ സമ്പത്ത് 460 കോടി ആളുകളുടെ ആകെ ആസ്തിയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.