ഇനി ഇന്ത്യ കാണാന്‍ പോകുന്നത് ഫേസ് ബുക്ക്- ജിയോ ഓണ്‍ലൈന്‍ കച്ചവടതന്ത്രങ്ങള്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയ നിക്ഷേപം ജിയോയ്ക്കും മുകേഷ് അംബാനിക്കും ഒപ്പം രാജ്യത്തിനും നേട്ടമാകും. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് ഫേസ്ബുക്ക് സ്വന്തമാക്കിയതിനെ തുടര്‍ന്ന് റിലയന്‍സ് ഓഹരി വില ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം കാഴ്ചവെച്ചു. അതേസമയം കൊറോണ പ്രതിസന്ധിയിലും ഇന്ത്യയിലേക്ക് ഫേസ് ബുക്കിന്റെ വരവ് വരുംകാലങ്ങളില്‍ ഇന്ത്യ സാമ്പത്തികമായി തകരില്ലെന്ന സൂചനയും നല്‍കുന്നുണ്ട്.
അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കൂട്ടുകെട്ടായിരിക്കും ഇനി ഫേസ് ബുക്കും റിലയന്‍സും കൂടി നടത്താന്‍ പോകുന്നത്. രാജ്യത്തെ ഓണ്‍ലൈന്‍ കച്ചവടരംഗത്തേക്കും റിലയന്‍സ് ജിയോ പ്രവേശിച്ചതോടെ ഫേസ് ബുക്കിലൂടെ വന്‍ വിപണി കണ്ടെത്താന്‍ അതു സാധിക്കും. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമം ഫേസ് ബുക്കാണ്. ട്വിറ്ററും ടിക് ടോക്കും അടക്കം നിരവധി മാധ്യമങ്ങള്‍ ഉണ്ടെങ്കിലും ഫേസ് ബുക്ക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാംസ്ഥാനം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം വന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കടഭാരം ഗണ്യമായ തോതില്‍ കുറയ്ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മുന്നോട്ടുപോകുമ്പോഴാണ് ഫേസ്ബുക്ക് നിക്ഷേപം സാധ്യമായിരിക്കുന്നത്.
സൗദി ആരാംകോയുമായി റിലയന്‍സ് ഓഹരി വില്‍പ്പന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എണ്ണ വിലയിടിവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും മൂലം അക്കാര്യത്തില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് കമ്പനിയുടെ കടഭാരം കുറയ്ക്കുമെന്ന വാഗ്ദാനം നിറവേറ്റാനാകുമോയെന്ന സംശയം നിലനിന്നിരുന്നു. കടത്തെ കുറിച്ചുള്ള ആശങ്കകളും ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
റിലയന്‍സിന്റെ ആസ്തികളില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കുക, കടം കുറയ്ക്കുക തുടങ്ങിയ നടപടികളാകും കമ്പനിയുടെ ഓഹരി വിലയെ സമീപ ഭാവിയില്‍ നിര്‍ണായകമായി സ്വാധീനിക്കുക എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടം 3,06,900 കോടി രൂപ കവിഞ്ഞിരുന്നു. കമ്പനിയുടെ മൂല്യത്തിന്റെ പകുതിയോളം വരുന്ന തുക ടെലികോം രംഗത്താണ് നിക്ഷേപിച്ചിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോമിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപയെന്ന നിലയ്ക്കാണ് ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തിയതോടെ ഇന്ത്യന്‍ വിപണിയില്‍ ഇരുകമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാകുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജിയോയും ഫേസ്ബുക്കും സംയുക്തമായി ഇന്ത്യയില്‍ വി ചാറ്റ് മാതൃകയില്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് സജീവമായ ആമസോും ഫ്‌ലിപ്കാര്‍ട്ടും ഈ കൂട്ടുകെട്ടിനെ വളരെ സൂക്ഷ്മതയോടെയാണ് നോക്കിക്കാണുന്നത്.