സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആറ് മാസത്തിനുള്ളില്‍ തവണകളായി പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ശമ്പളമെന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് ശമ്പളം പിടിച്ചുവെക്കുന്നതിന് ന്യായീകരണമെന്ന് ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവെക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണെന്നും ദുരന്ത നിവാരണ നിയമമോ പകര്‍ച്ചവ്യാധി നിയമമോ ഇത് സാധൂകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
എല്ലാവരുടെയും പിന്തുണ സര്‍ക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണ്. അതിനെ നിയമപരമായി മാത്രമേ കാണാനാവൂ
സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ട്. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല, കോടതി പറഞ്ഞു
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ”സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ പ്രശംസിക്കുകയാണ്. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കോടിക്കണക്കിന് രൂപ ഇതിനായി സംസ്ഥാനം ചെലവഴിക്കുന്നു.
സംസ്ഥാനത്തിന്റെ പ്രവൃത്തികള്‍ പ്രശംസനീയം തന്നെയാണ്. എന്നാല്‍ പൗരന്മാരുടെ അവകാശങ്ങള്‍ അവഗണിക്കാന്‍ കോടതിക്ക് കഴിയില്ല. ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുക എന്നത് വ്യക്തികളുടെ അവകാശമാണ്. 2005 ലെ ദുരന്ത നിവാരണ നിയമമോ 1987 ലെ പകര്‍ച്ചവ്യാധി രോഗ നിയമമോ ഇത്തരമൊരു നടപടിയെ സാധൂകരിക്കുന്നില്ല’, എന്നായിരുന്നു ജസ്റ്റിസ് കുര്യന്‍ തോമസ് നിരീക്ഷിച്ചത്.
എന്നാല്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ലന്നും ശമ്പളം താത്ക്കാലികമായി മാറ്റിവയ്ക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്.
‘ഒരു പ്രത്യേക സമയത്തിനുള്ളില്‍ ശമ്പളം കൊടുക്കണം എന്ന് പറയുന്നില്ല. എന്നാല്‍ ശമ്പളം കൊടുക്കാതെ ഇരിക്കില്ല. നീട്ടി വെക്കുക മാത്രമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സമാനമായ തീരുമാനം നേരത്തെ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങള്‍ ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാം
ദുരന്ത നിവാരണ നിയമപ്രകാരം മറ്റ് ഉത്തരവുകളെ മറികടക്കാവുന്നതാണ്. എപിഡമിക് ഡിസീസ് നിയമപ്രകാരവും ഈ ഉത്തരവ് സാധ്യമാണ്. സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന വരുമാനം കുറവാണ്. ഇപ്പോള്‍ വേതനം ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്.
വരുമാനത്തിന്റെ 52 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് നല്‍കുന്നത്. എന്നാല്‍ മദ്യത്തില്‍നിന്നും ലോട്ടറിയില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം നിലച്ചിരിക്കുകയാണ്. 80000 കോടിയുടെ ആവശ്യം ഉണ്ടെന്നും’ സര്‍ക്കാര്‍ പറഞ്ഞു
കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെന്‍ഷന്‍ വിതരണവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞെന്നും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അഡ്വ. ജനറല്‍ കോടതിയില്‍ വാദിച്ചു.
സര്‍ക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടേയും കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടേയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ച പോലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമില്ലെന്നും അതിനാല്‍ മാറ്റിവെക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്നുമാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here