കോവിഡ് മരണം ഇന്ത്യയിലും വര്‍ധിക്കുന്നു; ലോകത്താകെ 2.5 ലക്ഷം മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പുതിയ കോവിഡ് കേസുകളും 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി.
മരണപ്പെട്ടവരുടെ എണ്ണം 1571 ആയി ഉയര്‍ന്നു. രാജ്യത്ത് 32,124 രോഗികളാണുള്ളത്. 12727 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.
ഗുജറാത്തില്‍ 5804 കേസുകളും ഡല്‍ഹിയില്‍ 4898 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 583 പേര്‍ മരിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്.
അതേസമയം ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,52,443 ആയി. 36 ലക്ഷം പേര്‍ക്ക് ബാധിച്ചു. 12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ മാത്രം 70,000ത്തോളം മരണമുണ്ടായി. യു.കെയില്‍ 28734ഉം, ഇറ്റലിയില്‍ 29073ഉം ആയി. സ്‌പെയിനില്‍ 25428, ഫ്രാന്‍സില്‍ 25201 എന്നിങ്ങനെയാണ് മരണം. ബ്രസീല്‍ 7367, ചൈന 4633, ബെല്‍ജിയം 7924 മരണമുണ്ടായി.
ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സൗദി അറേബ്യയിലാണ്. 191 മരണം. യു.എ.ഇ-137, കുവൈറ്റ്- 40, ഖത്തര്‍-12, ഒമാന്‍-12 ബഹ്‌റൈന്‍-8 എന്നിങ്ങനെയാണ് മരണ നിരക്ക്.
ലോകത്താകെ അരലക്ഷത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍. 16,050 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here