ഓയില്‍ കമ്പനികളുടെ പേരില്‍ തട്ടിപ്പുമായി ഏജന്റുമാര്‍; ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍

പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പേരില്‍ ഏജന്‍സികളും റീട്ടയില്‍ ഔട്ട്ലെറ്റ് ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്ത് വ്യാജ ഇ-മെയിലുകളും വ്യാജ കത്തുകളും അയച്ചു പണം തട്ടാന്‍ നടക്കുന്ന സംഘടിത ശ്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്കി. കത്തുകളും ഇമെയിലുകളും എണ്ണവിതരണകമ്പനികളുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അയക്കുന്നത്. കമ്പനികളുടെ ലോഗോ പതിച്ച വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി അതിലൂടെ വിതരണാവകാശവും റീട്ടെയില്‍ ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്തു പണം തട്ടുകയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് ഇത് പോലെ ഏതെങ്കിലും കത്തുകളോ ഇമെയില്‍ സന്ദേശങ്ങളോ ലഭിച്ചാലുടന്‍ അടുത്തുള്ള അതാത് എണ്ണക്കമ്പനികളുടെ ഓഫിസുമായി ബന്ധപ്പെടണം.

നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റുകള്‍ കണ്ടാല്‍ യഥാര്‍ത്ഥ വെബ്‌സൈറ്റുകളായ www.petrolpumpdealerchayan.in, www.lpgvitarakchayan.in എന്നിവയെ പോലെ തന്നെ ഇരിക്കും.എണ്ണക്കമ്പനികളുടെ എല്‍ പി ജി വിതരണത്തെ കുറിച്ചും  റീട്ടെയില്‍ ഔട്ലെറ്റ് ഡീലര്‍ഷിപ്പിനുവേണ്ടിയുമുള്ള ഔദ്യോഗികവും ആധികാരികവുമായ വിവരങ്ങള്‍ www.petrolpumpdealerchayan.in (റീട്ടെയില്‍ ഔട്ലെറ്റ് ഡീലര്‍ഷിപ്പ്) www.lpgvitarakchayan.in (എല്‍ പി ജി വിതരണം) എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും മാത്രം സ്വീകരിക്കേണ്ടതാണ്.ഓരോ എണ്ണവിതരണ കമ്പനിയുടേയും ഐ ടി വകുപ്പുകള്‍ ഇതുപോലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ തന്നെ നടപടി എടുക്കാറുണ്ടെങ്കിലും പൊതുജനങ്ങള്‍ ഇത് പോലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള പോലീസ് സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്കണം.

പൊതുമേഖലാ എണ്ണകമ്പനികള്‍ തങ്ങളുടെ രാജ്യമൊട്ടാകെയുള്ള എല്‍ പി ജി വിതരണക്കാരെയും റീട്ടെയില്‍ ഔട്ലെറ്റ് ഡീലര്‍മാരെയും തിരഞ്ഞെടുക്കുന്നത് സുസ്ഥാപിതമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലൂടെയാണ്. മുന്‍നിര വര്‍ത്തമാനപത്രങ്ങളിലും പൊതുമേഖലാ എണ്ണവിതരണകമ്പനികളുടെ വെബ്‌സൈറ്റുകളിലും വരുന്ന വിശദമായ പരസ്യങ്ങളും അര്‍ഹരായ അപേക്ഷാര്‍ത്ഥികളെ നറുക്കെടുത്തു തീരുമാനിക്കുന്നതും ഈ നടപടിക്രമങ്ങളുടെ ഭാഗമാണ്.ഒരു പൊതുമേഖലാ എണ്ണ വിതരണകമ്പനികളും തങ്ങള്‍ക്കു വേണ്ടി എല്‍ പി ജി വിതരണക്കാരെയും റീട്ടെയില്‍ ഡീലര്‍മാരെയും തിരഞ്ഞെടുക്കാന്‍ മറ്റൊരു ഏജന്‍സിയെ നിയമിച്ചിട്ടില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും പണം കൈപ്പറ്റാന്‍ ആരെയും നിയോഗിച്ചിട്ടുമില്ല.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ പേരില്‍ ഏതെങ്കിലും വ്യക്തികളോ ഏജന്‍സികളോ കമ്പനികളോ പൊതുജനത്തിന്റെ കൈയ്യില്‍ നിന്നും ഈ പേരില്‍ പണം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിനു എണ്ണകമ്പനികള്‍ ഉത്തരവാദികളായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here