ലോക് ഡൗണ്‍ ഇളവു വരുത്തി കൂടുതല്‍ രാജ്യങ്ങള്‍; അമേരിക്കയില്‍ മാളുകള്‍ തുറന്നു തുടങ്ങി

സ്‌പെയിനില്‍ പ്രവര്‍ത്തനം ആരംഭിച്ച ബര്‍ഗോസിലെ ബ്യൂട്ടിപാര്‍ലര്‍. സ്‌പെയിനില്‍ റസ്റ്ററന്റുകളും തുറന്നുതുടങ്ങി. ഇവിടങ്ങളില്‍ അകലം പാലിച്ച് ഭക്ഷണം കഴിക്കാം.

ആഗോളതലത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കേ ലോക് ഡൗണ്‍ ഇളവു വരുത്തി കൂടുതല്‍ രാജ്യങ്ങള്‍. കോവിഡ് മൂലം ലോകത്തേറ്റവും കൂടുതല്‍ പേര്‍ മരിച്ച അമേരിക്കയില്‍ ഷോപ്പിങ് മാളുകള്‍ തുറന്നുതുടങ്ങി. കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് മാളിനകത്തെ ഷോപ്പുകള്‍ തുറന്നത്. മാസ്‌ക് നിര്‍ബന്ധമാക്കി. ഒരേ സമയം ഷോപ്പുകളില്‍ രണ്ടു ഉപയോക്താക്കള്‍ക്കേ പ്രവേശനമുള്ളൂ. സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. അമേരിക്കയിലെ പകുതിയിലധികം സ്റ്റേറ്റുകളിലും നിയന്ത്രണങ്ങളില്‍ ഇളവു വന്നു കഴിഞ്ഞു. ജോര്‍ജിയയില്‍ കഴിഞ്ഞയാഴ്ച മുതല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. പ്രമുഖ ബ്രാന്‍ഡായ മാകി ഷോപ്പുകളില്‍ 68 എണ്ണം തുറന്നുകഴിഞ്ഞു.

അമേരിക്കയില്‍ സാമൂഹ്യ അകലം പാലിച്ച് സാധനങ്ങള്‍ വാങ്ങുന്നു


അതേസമയം യൂറോപ്പിലും നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നു തുടങ്ങി. ജര്‍മന്‍ മ്യൂസിയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സ്‌പെയിനില്‍ ലോക് ഡൗണിന് ഇളവ് വന്നു. ബ്യൂട്ടി പാര്‍ലറുകള്‍ നിയന്ത്രണങ്ങളോടെ തുറന്നുതുടങ്ങി. കുട്ടികളുമായി ദിവസത്തില്‍ ഒരു പ്രാവശ്യം രക്ഷിതാക്കള്‍ക്ക് രാവില ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ പുറത്തിറങ്ങാം.
ഓസ്‌ട്രേലിയയില്‍ ദേശീയ മന്ത്രിസഭ ലോക് ഡൗണ്‍ നിയന്ത്രണം ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങളിലേയും പ്രവിശ്യകളിലേയും നേതാക്കളുമായി ഇന്നു ചര്‍ച്ച നടത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് പരിഗണിക്കുമെന്ന് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. മാര്‍ച്ചിലാണ് ഓസ്ട്രേലിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ കൊറോണ വ്യാപനം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദിവസം ഇരുപതില്‍ താഴെ മാത്രമാണ് ഓസ്ട്രേലിയയില്‍ പുതിയ രോഗികള്‍.

ഓസ്ട്രിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാനായി വരിനില്‍ക്കുന്നു.


കോവിഡ് ലോകത്തെങ്ങും സമ്പദ് വ്യവസ്ഥയെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. 30 വര്‍ഷത്തെ ആദ്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ഓസ്ട്രേലിയ പ്രവേശിച്ചിരിക്കുന്നത്. ഈ വര്‍ഷം ജി.ഡി.പിയില്‍ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനത്തില്‍ എത്തുമെന്നും ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് കണക്കാക്കുന്നു.
അതേസമയം സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും പകല്‍ സമയങ്ങളില്‍ ലോക് ഡൗണിന് ഇളവു വന്നു. എന്നാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്.
ഇറ്റലിയിലും കോവിഡ് മരണം കൂടുതലുണ്ടായ സ്ഥലങ്ങളൊഴികെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുതുടങ്ങി. ബുക്ക് ഷോപ്പുകളും ടെക്‌സ്റ്റൈല്‍സും കുട്ടികളുടെ സാനിറ്ററി ഷോപ്പുകളും തുറന്നു. യൂറോപ്പിലെ രാജ്യങ്ങളോട് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്ന കാര്യത്തില്‍ കൂടുതല്‍ ഉപാധികള്‍ സ്വീകരിക്കാനും യൂറോപ്പ്യന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.

റിയാദില്‍ വാഹനങ്ങളുടെ തിരക്ക്

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here