മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വെറും തള്ളോ?

കോവിഡ് മൂലവും അല്ലാതെയും സാമ്പത്തിക മാന്ദ്യത്തിലായ ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്താണ്? ഖജനാവില്‍ നിന്ന് ഒരു രൂപ പോലും മുടക്കാതെയുള്ള ഉത്തേജക പാക്കേജെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.
ബുധനാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പദ്ധതി പങ്കുവയ്ക്കാന്‍ തുടങ്ങിയത്. അടുത്ത ദിവസങ്ങളിലായി പ്രഖ്യാപനം തുടരും എന്നാണ് വിലയിരുത്തല്‍.
അതേസമയം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംരംഭകരെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനവുമായി പ്രതിപക്ഷനേതാക്കളും രംഗത്തെത്തി. യഥാര്‍ഥത്തില്‍ എന്താണ് പാക്കേജ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓഹരിവിപണിയെ ഉത്തേജിപ്പിക്കുക ലക്ഷ്യം
രാജ്യത്തെ ഊഹകമ്പോള വിപണിയായ ഓഹരിവിപണിയെ ഉത്തേജിപ്പിക്കുകയാണ് പാക്കേജ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ശേഷം ഓഹരിവിപണിയില്‍ അത് പ്രകടവുമാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന വിപണിക്ക് താല്‍ക്കാലിക ആശ്വാസം പകരാന്‍ പാക്കേജിന് കഴിഞ്ഞു.

തുക മാറ്റിവെക്കാതെ എന്ത് പാക്കേജ്
നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയില്‍ ഈ പാക്കേജ് വാമൊഴിയായി മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാരിന്റെ ഒരു രൂപ പോലും ചെലവാക്കുന്നില്ല. സര്‍ക്കാര്‍ പാക്കേജില്‍ പണം മുടക്കുന്നുമില്ല.

മൂന്നുലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പ
സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ക്ക് ഒരു രൂപ വാഗ്ദാനം ഇല്ല. അതുകൊണ്ടു തന്നെ ഇതൊരു വായ്ത്താള പ്രഖ്യാപനമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തള്ള്. മരണശയ്യയിലായ രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ് ആകുന്നതിന് പകരം അവരുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള വായ്പയാണ് പാക്കേജിലെ പ്രധാന വാഗ്ദാനം. മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാത്ത വായ്പ. വായ്പ എടുക്കാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ അറിയാം ശരിക്കും അവസ്ഥ.

ചെറുകിട സംരംഭങ്ങള്‍ക്ക് എന്തു നല്‍കി
ആദ്യ ദിവസം ആറു പദ്ധതികളിലായി ആയിരക്കണക്കിന് കോടികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലനില്‍പ്പുപോലും ഭീഷണിയായി നില്‍ക്കുന്ന ചെറുകിട സംരംഭങ്ങള്‍ നിലവില്‍ എടുത്തിരിക്കുന്ന വായ്പ തിരിച്ചടയ്ക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയിലാണ് ഈടില്ലാതെ വായ്പ എന്ന പ്രഖ്യാപനം. എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാത്തവനോട് ബാങ്കില്‍ ചെന്നാല്‍ വായ്പ തരും എന്നു പറഞ്ഞതു പോലെയായി സംരംഭകര്‍ക്ക് ഇത്തരം പ്രഖ്യാപനങ്ങള്‍. പലിശ ഇളവൊന്നുമില്ല താനും.

വേണ്ടിയിരുന്നത് എന്താണ്?
വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമായിരുന്നു. പലിശ കുറയ്ക്കുകയോ ഇടക്കാല ആശ്വാസം നല്‍കുകയോ ചെയ്യണം. വായ്പകള്‍ക്ക് സബ്സിഡി പ്രഖ്യാപിക്കണം, തൊഴിലാളികള്‍ക്കുള്ള വേതനത്തിനായി സര്‍ക്കാര്‍ ഗ്രാന്റ് പ്രഖ്യാപിക്കണമായിരുന്നു.

അമേരിക്ക തൊഴിലുടമകള്‍ക്ക് ഗ്രാന്‍ഡ് നല്‍കി
അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും തൊഴിലാളികളുടെ ശമ്പളത്തിന്റെ 50-75 ശതമാനം ലഭ്യത ഉറപ്പാക്കുന്ന തരത്തില്‍ തൊഴിലുടമകള്‍ക്ക് ഗ്രാന്റ് നല്‍കിയാണ് പാക്കേജ് അവതരിപ്പിച്ചത്. അതായിരുന്നു ഇവിടെയും വേണ്ടിയിരുന്നത്. പണലഭ്യത ഉറപ്പാക്കിയാലെ രാജ്യത്തിന്റെ സാമ്പത്തിക ചക്രം ഉരുളുകയുള്ളൂ.
പക്ഷെ, ബാങ്കുകളുടെ പണം മാത്രം കണ്ടുകൊണ്ടുള്ള ഒരു പാക്കേജ് ആണ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത്. ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെയൊരു പാക്കേജ്. മാര്‍ച്ച് മാസത്തില്‍ ഇതിനു മുമ്പ് പ്രഖ്യാപിച്ച ഉത്തേജക പദ്ധതികളും സര്‍ക്കാരിന്റെ പണം ചെലവാകുന്നതല്ല. കൂടുതല്‍ വായ്പ നല്‍കിയാല്‍ തുക വിപണിയിലേക്കെത്തുമെന്നല്ലാതെ ജനങ്ങള്‍ക്കോ സംരംഭകര്‍ക്കോ ഗുണം ചെയ്യില്ല.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here