കോവിഡ്: സൗദിയില്‍ കാല്‍ ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

അന്‍ഷാദ് കൂട്ടുകുന്നം

റിയാദ്: കോവിഡ് ബാധയെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ 25000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ രജിസ്റ്റര്‍ ചെയ്ത 72000 പേരില്‍ 35 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് മടങ്ങിപ്പോകുന്നതെന്ന് രേഖപ്പെടുത്തി. സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സായിദാണ് ഇക്കാര്യം അറിയിച്ചത്.
ചില നിര്‍മാണ കമ്പനികള്‍ ശമ്പളം നല്‍കുന്നില്ല. നിര്‍മാണ ജോലികള്‍ പുനരാരംഭിക്കുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ജോലിക്കാരെ ആവശ്യമുള്ളൂ. അതുകൊണ്ടുതന്നെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
1000 പേരെയാണ് ഇതുവരെ നാട്ടിലേക്ക് മടക്കി കൊണ്ടുപോകാന്‍ കഴിഞ്ഞത്. വരുന്ന ആഴ്ചയില്‍ 10 വിമാനങ്ങളിലായി 1500 മുതല്‍ 2000 പേരെ കൊണ്ടുപോകാന്‍ കഴിയും. ജോലി നഷ്ടപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും വിസിറ്റ് വിസക്കാര്‍ക്കുമാണ് ഇപ്പോള്‍ മടങ്ങിപ്പോകാന്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മടങ്ങിപ്പോകാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തതില്‍ 35 ശതമാനം പേര്‍ക്കും താല്‍ക്കാലികമായോ ദീര്‍ഘകാലമായോ ജോലി നഷ്ടപ്പെട്ടവരാണ്. ഓയില്‍ വിലത്തകര്‍ച്ചയും കോവിഡും സൗദിയുടെ സാമ്പത്തികാവസ്ഥയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്നുതുടങ്ങിയപ്പോള്‍ തന്നെ സൗദി നിലപാടുകള്‍ ശക്തമായിരുന്നു. ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചു. ടൂറിസ്റ്റ് വിസയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
മാര്‍ച്ചില്‍ ഓയില്‍ വില ബാരലിന് 20 ഡോളറിലേക്ക് താഴ്ന്നു. ഇപ്പോള്‍ 30-33 ആയി വില ചെറിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും സാമ്പത്തികാവസ്ഥ കരകയറാന്‍ മാസങ്ങളെടുക്കും. ഓയില്‍ ബാരലിന് 80 ഡോളര്‍ കണക്കാക്കിയാണു സൗദിയില്‍ ബജറ്റ് പോലും ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിലത്തകര്‍ച്ച സാമ്പത്തികാവസ്ഥയെ ബാധിക്കും.
2020 ആദ്യപാദത്തില്‍ (ജനു- മാര്‍ച്ച്) സൗദിയിലെ വരുമാനനഷ്ടം 25 ശതമാനമാണ്. രണ്ടാം പാദത്തില്‍ ഇനിയും വര്‍ധിക്കും. വരുമാന നഷ്ടം പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. വാറ്റ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തി. സൗദി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. അതേസമയം സ്വകാര്യമേഖലയില്‍ 33 ബില്യന്‍ റിയാലിന്റെ ഉത്തേജക പദ്ധതികളും പ്രഖ്യാപിച്ചു.
നിര്‍മാണ മേഖല, ടൂറിസം, വ്യോമഗതാഗതം എന്നീ മേഖലകളില്‍ കോവിഡ് കാര്യമായി ബാധിച്ചു. ഇവിടങ്ങളിലാണ് അധികവും തൊഴില്‍ നഷ്ടമുണ്ടായത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ഫുഡ്, ഫാര്‍മസിക്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, ഐ.ടി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ധിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here