കോവിഡ് സാമ്പത്തികാഘാതം; സംസ്ഥാന സര്‍ക്കാര്‍ സര്‍വെ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു സാമ്പത്തികാഘാത സര്‍വേ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തും. സര്‍വേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 എങ്ങനെയെല്ലാം ബാധിച്ചു എന്നതിന്റെ വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. ഒരു മാസത്തിനുള്ളില്‍ സമിതി ഇടക്കാല പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡീഷനല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാര്‍ സിങ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍.രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here