ആടുജീവിതം ടീം മടങ്ങിയെത്തി

മഹാമാരിക്കിടയിലും സിനിമയുടെ പകുതിയിലധികവും പൂര്‍ത്തിയാക്കി ആടുജീവിതം ടീം നാട്ടിലെത്തി. കൊവിഡ് 19 മൂലമുള്ള ലോക്ക് ഡൗണ്‍ കാരണം തിരികെ നാട്ടിലേക്ക് വരാന്‍ കഴിയാതെ ഷൂട്ടിങ് സംഘം ജോര്‍ദാനില്‍ കുടുങ്ങുകയും പിന്നീട് ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്തു. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയും അടങ്ങുന്ന 58 അംഗ സംഘമാണ് നാട്ടിലെത്തിയത്. ഇവരിനി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ആദ്യം ഡല്‍ഹിയിലും അവിടെ നിന്നു കൊച്ചിയിലുമാണ് എത്തിയത്. താന്‍ തിരികെയെത്തിയ ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഓഫ് ടു ക്വാറന്റ്‌റീന്‍ ഇന്‍ സ്‌റ്റൈല്‍ എന്ന ഹാഷ്ടാഗോടു കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 58 അംഗ സംഘമാണ് ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനില്‍ തുടരുകയായിരുന്നു. ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്.
സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും, ജോര്‍ദാനിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ടാല്‍ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും ബ്ലെസി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബെന്യാമിന്‍ എഴുതിയ ഏറെ ജനപ്രിയമായ നോവലാണ് ‘ആടുജീവിതം’. ഇതിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍ ആണ്. കെ യു മോഹനന്‍ ആണ് വാദിറം ഒഴികെയുള്ള ഷെഡ്യൂളുകള്‍ ചിത്രീകരിച്ചത്.അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here