സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയില്‍; താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് മണിരത്നം

കോവിഡ് ഭീതിയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ വ്യവസായം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് ഈ സാഹചര്യത്തിൽ വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സംവിധായകൻ മണിരത്നം. ഒരു വെബിനാറിൽ റിലയൻസ് എൻർടെെൻമിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സർക്കാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിനിമാവ്യവസായം പഴയ പടിയുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കിൽ ഈ സാഹചര്യത്തിൽ നിർമാതാക്കൾ മുൻപോട്ട് വരില്ല. തിയേറ്ററിൽ ആളുകൾ വന്നെങ്കിൽ മാത്രമേ ബി​ഗ് ബജറ്റ് സിനിമകളുടെ മുതൽ മുടക്ക് തിരിച്ചു പിടിക്കാനാകൂ. തിയേറ്ററുകളിൽ തുറന്നാലും ജനങ്ങൾ പേടികൂടാതെ വന്നു തുടങ്ങാൻ പിന്നെയും സമയമെടുക്കും. സർക്കാറും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.

ഒടിടി പ്ലാറ്റ്ഫോമുകൾ ചെറിയ സിനിമകൾക്ക് അനു​ഗ്രഹമാണ്. എന്നിരുന്നാലും തിയേറ്റർ അനുഭവം അവിടെ നിന്ന് ലഭിക്കില്ല. മധ്യവർ​ഗ കുടുംബാം​ഗങ്ങളും സ്ത്രീകളുമാണ് ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്ററുകളിൽ വരുന്ന ആൾക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.” മണിരത്നം ഇപ്പോൾ സംവിധാനം ചെയ്‌തു കൊണ്ടിരിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു.

”പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പാതി വഴിയിലാണ്. പത്താം നൂറ്റാണ്ടാണ് കഥാ പശ്ചാത്തലം. ആ സിനിമയ്ക്ക് വലിയ ആൾക്കൂട്ടം ആവശ്യമാണ്. അതെങ്ങനെ പൂർത്തിയാക്കുമെന്ന് എനിക്കറിയില്ല. എന്തു തന്നെ സംഭവിച്ചാലും ഞാനത് ചെയ്തിരിക്കും. സമയം എടുക്കുമെന്നറിയാം. കോവിഡ് പശ്ചാത്തലത്തിൽ സിനിമാസെറ്റുകളിൽ വലിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്”- മണിരത്നം കൂട്ടിച്ചേർത്തു. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് പൊന്നിയിൻ സെൽവനിലെ താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം- രവി വര്‍മന്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ- ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം. പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. . 2012-ല്‍ ഈ സിനിമയുടെ ജോലി മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. 2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here