നാലു ലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങി; നിര്‍മാണ പ്രവൃത്തിക്ക് തൊഴിലാളികളെ കിട്ടാനില്ല

കൊച്ചി: നാലുലക്ഷം അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോയതോടെ നിര്‍മാണമേഖല നിശ്ചലമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റേതുള്‍പ്പെടെ സര്‍ക്കാരിന്റെ പ്രവൃത്തികളെയും ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുണ്ടെങ്കിലും തൊഴിലാളിക്ഷാമം കാരണം പലയിടത്തും ജോലികള്‍ പുനരാരംഭിച്ചിട്ടില്ല. കെട്ടിട നിര്‍മ്മാണ മേഖലയിലാണ് വലിയ പ്രതിസന്ധി.
നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളേറെയും പശ്ചിമബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഢ് സ്വദേശികളായിരുന്നു. ലോക്ക് ഡൗണ്‍ വന്ന ശേഷം നാലു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിപ്പോയെന്നാണ് കണക്ക്. നഗരങ്ങളിലെ ഓവുചാല്‍, മെഡിക്കല്‍ കോളേജ് കെട്ടിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, ഹോമിയോ കോളേജിലെ പ്രവൃത്തി തുടങ്ങിയ നിരവധി ജോലികളാണ് നിലച്ചത്. ഇതുകാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. തുടങ്ങിയ ജോലികളുടെ വേഗതയും കുറഞ്ഞു.
വീടു നിര്‍മ്മാണം, കോണ്‍ക്രീറ്റിംഗ്, ഫൗണ്ടേഷന്‍ നിര്‍മ്മാണം, പ്ലാസ്റ്ററിംഗ് എന്നിവയ്‌ക്കൊന്നും ആവശ്യത്തിന് തൊഴിലാളികളില്ല. ക്വാറികളുടെ പ്രവൃത്തിയും നിലച്ചു. കിണര്‍ നിര്‍മ്മാണം പോലുള്ള ജോലികള്‍ ചെയ്യുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയും കിട്ടുന്നില്ല. അന്യസംസ്ഥാനക്കാരുടെ കൂട്ടപലായനം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കരാറുകാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആരെയും നിര്‍ബന്ധിച്ച് പറഞ്ഞയക്കേണ്ടെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഹോട്ടലുകള്‍, ബാര്‍ബര്‍ഷാപ്പുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാതെ മറ്റ് വഴികളില്ലാതായി. നിര്‍മ്മാണ മേഖലയില്‍ ജോലികള്‍ ചെയ്യാന്‍ മലയാളികളെ കിട്ടുന്നില്ല. നിലവിലുള്ള മലയാളി തൊഴിലാളികളില്‍ കൂടുതലും അമ്പതിനോട് അടുത്ത് പ്രായുള്ളവരുമാണ്. ഇത് വലിയ പ്രതിസന്ധിയാണെന്നും കരാറുകാര്‍ പറയുന്നു.
അതിനിടെ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കരാറുകര്‍ തുടങ്ങിയെങ്കിലും പലരും വരാന്‍ തയ്യാറാകുന്നില്ല. സ്ഥിരം ജോലിയുണ്ടാകുമോ എന്ന സംശയമാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. തൊഴിലാളികളെ എത്തിച്ചാല്‍ ക്വാറന്റൈയിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കരാറുകര്‍ക്ക് ആശങ്കയുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here