കിഫ്‌ബി പദ്ധതികൾക്കായി 1100 കോടി രൂപയുടെ വായ്‌പ

തിരുവനന്തപുരം: കിഫ്‌ബി പദ്ധതികൾക്കായി ഇന്റർ നാഷണൽ ഫിനാൻസ് കോർപറേഷനിൽ (ഐഎഫ്സി) നിന്ന് 1100 കോടി രൂപയുടെ വായ്‌പ ലഭ്യമാകും. ലോക ബാങ്കിന്റെ ഉപസ്ഥാപനമാണിത്‌. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായാണ് ഐഎഫ്സി വായ്‌പ ലഭ്യമാകുക. നിലവിൽ കിഫ്‌ബിക്ക്‌ ലഭിക്കുന്ന ഫണ്ടിന്‌ നൽകുന്ന പലിശയിലും കുറഞ്ഞനിരക്കിൽ വായ്‌പ ഉറപ്പാക്കാനാകും.

സർക്കാരുകൾക്കുമാത്രമാണ്‌ ലോക ബാങ്ക്‌ വായ്‌പ നൽകുന്നത്‌. ഈ സാഹചര്യത്തിൽ കേരള സർക്കാർ സ്ഥാപനമായ കിഫ്‌ബിക്ക്‌ ലോക ബാങ്ക്‌ ഉപസ്ഥാപനമായ ഐഎഫ്‌സിയിൽനിന്ന്‌ വായ്‌പ  ലഭിക്കുന്നത്‌ പുതിയ സാധ്യതകൾ തുറക്കും. ഏഷ്യൻ വികസന ബാങ്ക്‌, ജപ്പാൻ ഇന്റർനാഷണൽ കോ–- ഓപ്പറേഷൻ ഏജൻസി (ജൈക്ക) തുടങ്ങിയ രാജ്യാന്തര ധനസ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഒരുങ്ങുമെന്ന്‌ കിഫ്‌ബി വൈസ്‌ ചെയർമാൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ജില്ലയ്‌ക്കായി പ്രഖ്യാപിച്ച കാർബൺ ന്യൂട്രൽ പദ്ധതി, ജലപാത വികസനം തുടങ്ങിയ പദ്ധതികൾക്ക്‌ ഐഎഫ്‌സി വായ്‌പ ഉറപ്പാക്കാനാകും. പൊതു–- സ്വകാര്യ പങ്കാളിത്തമുള്ള (പിപിപി) പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കുമ്പോൾ ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനും കിഫ്‌ബിക്ക്‌ കഴിയും. ഇതിനും കിഫ്‌ബി യോഗം അംഗീകാരം നൽകി.കേരള പുനർനിർമാണ സംരംഭ (റീബിൽഡ്‌ കേരള ഇൻഷ്യേറ്റീവ്‌) പദ്ധതികൾക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബിവഴി  കണ്ടെത്തും. ഇതിന്‌ ഡയസ്‌പോറ ബോണ്ട് ഇറക്കും. പ്രവാസികൾക്ക് ഇത്‌ മികച്ച നിക്ഷേപ അവസരമൊരുക്കുമെന്ന്‌ കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം പറഞ്ഞു. ചെറുകിട നിക്ഷേപകർക്കും വ്യക്തികൾക്കും ബോണ്ട്‌ വാങ്ങാനാകും. മസാല ബോണ്ടിൽ നിക്ഷേപ സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു അവസരം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here