ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള കല്യാണ്‍ ജൂവലേഴ്‌സ് നടപടികള്‍ക്ക് വേഗമേറി

വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന പ്രമുഖ ജൂവല്‍റി ബ്രാന്‍ഡായ കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ദേശീയ ന്യൂസ് പോര്‍ട്ടലായ മണികണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രൈവറ്റി ഇക്വിറ്റി വമ്പനായ വാര്‍ബര്‍ഗ് പിന്‍കസ് നിക്ഷേപം നടത്തിയിട്ടുള്ള കല്യാണ്‍ ജൂവല്ലേഴ്സിന്റെ ഐ പി ഒ 1800 കോടി രൂപയുടേതാകുമെന്നാണ് മണികണ്‍ട്രോള്‍ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഐ പി ഒ നടപടികളുടെ ഭാഗമായുള്ള ഡി.ആര്‍.എച്ച്.പി ആഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യമോ സെബിയില്‍ സമര്‍പ്പിച്ചേക്കും.
സ്വര്‍ണ വില റെക്കോര്‍ഡ് ഉയരങ്ങളിലെത്തുകയും സംഘടിത മേഖലയിലെ ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലകളുടെ പ്രവര്‍ത്തനം, ലോക്ക് ഡൗണിന് ശേഷം സാധാരണ നിലയിലേക്ക് ആകുന്നതിന്റെ ശുഭലക്ഷണങ്ങളും കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് കല്യാണ്‍ ജൂവല്ലേഴ്സ് ലിസ്റ്റിംഗ് നടപടികള്‍ പുനരാരംഭിക്കുന്നത്. ഇതിന് മുമ്പ് 2018ല്‍ കല്യാണ്‍ ജൂവല്ലേഴ്സ് ലിസ്റ്റിംഗിനുള്ള സാധ്യതകള്‍ സജീവമായി തേടിയിരുന്നു.
ഐ പി ഒ നടപടികളുടെ ഭാഗമായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെയും നിയമിച്ചതായാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കറ്റ് റെഗുലേറ്ററില്‍ നിന്ന് മതിയായ അനുമതികള്‍ ലഭിച്ചാല്‍ 2021 മാര്‍ച്ചോടെ കല്യാണ്‍ ജൂവല്ലേഴ്സിന്റെ ലിസ്റ്റിംഗ് നടന്നേക്കും.
കല്യാണ്‍ ജൂവല്ലേഴ്സിന്റെ ലിസ്റ്റിംഗ് നടപടികള്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പോലെ വിജയകരമായി നടന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റ് പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡുകളായ ജോയ്ആലുക്കാസും മലബാര്‍ ഗോള്‍ഡുമെല്ലാം ഈ മാര്‍ഗം സ്വീകരിച്ചേക്കും. ജോയ്ആലുക്കാസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ലിസ്റ്റിംഗിനായി നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീടത് മാറ്റിവെയ്ക്കുകയായിരുന്നു. ഭീമ ഗ്രൂപ്പും ഓഹരിവിപണി സാധ്യതകള്‍ ആരായുന്നുണ്ട്.