സ്വര്‍ണ വില കേരളത്തില്‍ പവന് 42000; ഇനിയും കൂടുമെന്ന് വിദഗ്ധര്‍, അര ലക്ഷം രൂപയിലെത്തുമെന്നും പ്രവചനം


കൊച്ചി: സ്വര്‍ണ വില വാനോളം ഉയര്‍ന്നിട്ടും താഴോട്ടില്ല. പിന്നെയും ഉയരുകയാണ്. സ്വര്‍ണം പവന്‍ ഇന്ന് വില 42000 രൂപയായി. 480 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5250 രൂപയാണ്. 5190 രൂപയായിരുന്നു ഇന്നലെ.
ഇന്ത്യന്‍ വിപണികളിലും ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 300 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 56143 എന്ന ഉയര്‍ന്ന നിരക്കിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,750 രൂപ അല്ലെങ്കില്‍ 2.3 ശതമാനം വര്‍ധിച്ച് 77,802 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം ഗ്രാമിന് 1.3 ശതമാനം അഥവാ 720 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 56,079 രൂപയിലെത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 5.6 ശതമാനം അഥവാ 4,100 രൂപ ഉയര്‍ന്നിരുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം സ്വര്‍ണ വില 44 ശതമാനം ഉയര്‍ന്നു. കൊറോണ വൈറസ് പ്രതിസന്ധി, കുറഞ്ഞ പലിശ നിരക്കുകള്‍, ദുര്‍ബലമായ ഡോളര്‍, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ എന്നിവ ആഗോള വിപണിയില്‍ സ്വര്‍ണ വില ഈ വര്‍ഷം 35 ശതമാനത്തിലധികം ഉയരാന്‍ കാരണമായി. സ്വര്‍ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോള്‍ഡിംഗ്‌സ് റെക്കോര്‍ഡിലാണ്.
18 മാസത്തിനുള്ളില്‍ സ്വര്‍ണ വില ഔണ്‍സിന് 3,000 ഡോളറിലെത്തുമെന്ന പ്രവചനം ബാങ്ക് ഓഫ് അമേരിക്ക ആവര്‍ത്തിച്ചു. 2021ല്‍ വെള്ളി വില 35 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നും ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. അങ്ങനെയാണെങ്കില്‍ ആഗോള വിപണിയെ ആശ്രയിച്ച് കേരളത്തിലും വില വര്‍ധിക്കുമെന്നാണ് വിിദഗ്ധര്‍ വിലയിരുത്തുന്നത്. അരലക്ഷംരൂപ എത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരില്ല.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here