ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് മോഡി സര്‍ക്കാരിന്റെ പരാജയം മറച്ചുപിടിക്കാനെന്ന് ചൈനീസ് മാധ്യമങ്ങള്‍

അന്‍ഷാദ് കൂട്ടുകുന്നം

ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജിയിലും വിതരണ ശൃംഖലയിലും വന്‍ നിക്ഷേപം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ബീജിംഗ്: ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നില്‍ ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയെ മറച്ചുപിടിക്കാനെന്ന് ചൈനീസ് മാധ്യമങ്ങള്‍. പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിനു പിന്നില്‍ ഇന്ത്യയിലെ രാഷ്ട്രീയമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈന ഡെയ്‌ലി ന്യൂസ് പേപ്പറിലെ ഇന്നത്തെ എഡിറ്റോറിയലില്‍ മോഡി സര്‍ക്കാരിന്റെ പരാജയം മറച്ചുപിടിക്കാനാണ് ആപ്പുകളുടെ നിരോധനമെന്ന് ആക്ഷേപിക്കുന്നു.
കൊറോണ വൈറസ് പാന്‍ഡെമിക് ഇപ്പോഴും രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 23.9 ശതമാനം ഇടിഞ്ഞു. ചൈനയുമായുള്ള ഒരു അതിര്‍ത്തി പ്രദര്‍ശനം, വൈറസില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനും ഭരണത്തിലെ അവരുടെ കഴിവില്ലായ്മയെ മറയ്ക്കാനുമുള്ള ഒരു മികച്ച ഉപകരണമായി മാറ്റാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നതായും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.
അതേസമയം ബിജീങ് ദിനപ്പത്രം പറയുന്നത് ഇന്ത്യ ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണെന്നാണ്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടുത്തിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയും ജപ്പാനും ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നോളജിയിലും വിതരണ ശൃംഖലയിലും വന്‍ നിക്ഷേപം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്പര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നതോടെയാണ് 118 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനമെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയുമാണ് നടപടിയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് 33 ലക്ഷം പേര്‍ പബ്ജി കളിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിക്‌ടോക്, യുസി ബ്രൗസര്‍, എക്‌സ്‌സെന്‍ഡര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജൂണ്‍ 15ന് ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായതിനെ തുടര്‍ന്ന് ചൈനയുമായി നിലനിന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നീക്കം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here