ഇലക്ട്രിക് കാര്‍ വാങ്ങൂ സര്‍ക്കാരിന് വാടകയ്ക്ക് കൊടുക്കൂ

സര്‍ക്കാര്‍ വാടകയ്‌ക്കെടുക്കുന്നത് ഇനി ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം

കരാറടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്ട്രിക് കാറുകളിലേക്ക്. ആദ്യ ഘട്ടത്തില്‍ 22 സര്‍ക്കാര്‍ ഓഫീസാണ് ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് എടുക്കുക. ഇതോടെ ചെലവ് അഞ്ചിലൊന്നായി ചുരുങ്ങും.
ഒരു മാസത്തെ വാടകയും എഗ്രിമെന്റും നല്‍കിയാല്‍ 30 ദിവസത്തിനകം അനര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കും. ടാറ്റ ടിഗോര്‍ ഇവി, ടാറ്റ നെക്സോണ്‍ ഇവി, ഹ്യൂണ്ടായി ഇവി എന്നീ മോഡലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ആറ് മുതല്‍ എട്ട് വര്‍ഷംവരെ കാലയളവില്‍ വാഹനം ലീസിന് എടുക്കാനാകും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് എന്നിവ അനര്‍ട്ട് വഹിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും അനര്‍ട്ട് നല്‍കും. വാഹനത്തിന്റെ മോഡല്‍ അനുസരിച്ച് 22900 മുതല്‍ 42840 രൂപവരെയാണ് മാസവാടക.
ഇലക്ട്രിക് കാറുകള്‍ക്ക് പൂര്‍ണ ചാര്‍ജില്‍ 380 മുതല്‍ 420 കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. പൂര്‍ണ ചാര്‍ജിങ്ങിന് മൂന്ന്-നാല് മണിക്കൂര്‍മതി. ഒരു യൂണിറ്റ് വൈദ്യുതിയില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. എന്‍ജിന്‍, ഗിയര്‍ബോക്സ്, റേഡിയേറ്റര്‍ തുടങ്ങിയവ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണിയും കുറവാണ്.ഇ കാറിന്റെ പ്രധാന ഭാഗമായ മോട്ടോര്‍, ലിഥിയം ബാറ്ററി എന്നിവയ്ക്ക് എട്ട് വര്‍ഷം വാറന്റിയുണ്ട്.
ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തിന് അനുസരിച്ച് ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരിന്റെ ഇ മൊബിലിറ്റി സെല്‍ മേധാവി ജെ മനോഹരന്‍ പറഞ്ഞു. കെഎസ്ഇബി ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് പുറമെ അനര്‍ട്ടും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കും.
തിരുവനന്തപുരത്ത് രണ്ടിടത്തും എറണാകുളത്ത് ഒരിടത്തും അനര്‍ട്ടിന്റെ ചാര്‍ജിങ് സ്റ്റേഷന്‍ ഉടന്‍ സജ്ജമാകും.