തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്), തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്‍റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ് അല്ലെങ്കില്‍ ഹോട്ടല്‍, ഫ്രഷ് ഫിഷ് കിയോസ്ക്, ഫ്ളോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സര്‍വീസ്, പ്രൊവിഷന്‍ സ്റ്റോര്‍, തയ്യല്‍ യൂണിറ്റ്, ട്യൂഷന്‍ സെന്‍റര്‍ എന്നിവയാണ് ഈ പദ്ധതി പ്രകാരം ആരംഭിക്കാവുന്നത്.

ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗങ്ങളായ വനിതകളെയാണ് പരിഗണിക്കുന്നത്. ഒരു ഗ്രൂപ്പില്‍ രണ്ടു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ആകാം. വെള്ളപ്പൊക്കം, ഓഖി, മുതലായ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍, തീരനൈപുണ്യ കോഴ്സ് പൂര്‍ത്തീകരിച്ച വനിതകള്‍, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍, വിധവകള്‍, ട്രാന്‍സ്ജന്‍ഡറുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായം- 20 നും 50 നും മധ്യേ. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനോ ജീവനോപാധികള്‍ക്കായുള്ള മറ്റു പദ്ധതികള്‍ക്കോ ഫിഷറീസ് വകുപ്പില്‍ ധനസഹായം ലഭിക്കാത്തവരായിരിക്കണം.

അപേക്ഷകള്‍ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വൈക്കം, ചെമ്പ് മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 22 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 9495801822, 8330012109, 8078762899.