തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണിയില്‍ ഇന്ന് ഉയര്‍ച്ച


ആറുദിവസം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായി ആറു ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഈ ആഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോള്‍, നിഫ്റ്റി നിര്‍ണായകമായ 11,000 എന്ന തലത്തിലേക്ക് തിരിച്ചെത്തി. സെന്‍സെക്സ് 835 പോയ്ന്റ് ഉയര്‍ന്ന് 37,389ലെത്തി.
നിഫ്റ്റി 245 പോയ്ന്റ് അഥവാ 2.26 ശതമാനം ഉയര്‍ന്ന് 11,050ല്‍ ക്ലോസ് ചെയ്തു. ഈ ആഴ്ചയിലെ പ്രകടനം കണക്കിലെടുത്താല്‍ സെന്‍സെക്സും നിഫ്റ്റിയും തൊട്ടു മുന്‍വാരത്തേക്കാള്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്ന് ബ്ലൂചിപ് ഓഹരികളില്‍ എച്ച് സി എല്‍ ടെകാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടിസിഎസ്, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ് എന്നിവയെല്ലാം ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
ഇന്ന് വിപണിയുടെ മുന്നേറ്റത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. അമേരിക്കന്‍ ടെക് സ്റ്റോറ്റുക്കളുടെ മുന്നേറ്റം നിക്ഷേപകര്‍ക്ക് കുറച്ച് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതോടൊപ്പം ഏഷ്യന്‍ വിപണികളിലും തിരിച്ചുകയറ്റം പ്രകടമായി.
വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്നുണ്ടായ അവസരം മുതലെടുക്കാന്‍ നിക്ഷേപകര്‍ മുന്നോട്ട് വന്നതാണ് മറ്റൊരു കാരണം. വിപണിയിലെ ഓരോ ഇടിവിനും നിക്ഷേപത്തിനുള്ള അവസരം കണ്ടെത്തുന്ന നിക്ഷേപക സമൂഹമുണ്ട്. കഴിഞ്ഞ ആറുദിവസത്തെ തുടര്‍ച്ചയായി ഇടിവിനെ തുടര്‍ന്ന് ചില മികച്ച ഓഹരികളുടെ മൂല്യം കുത്തനെ താഴേയ്ക്ക് വന്നിരുന്നു. ഇത് നിക്ഷേപകരെ തിരികെ വിപണിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഉത്തേജക പാക്കേജ് ഉടന്‍ വരുമെന്ന സൂചനയും ഇതിനിടെ ശക്തമായിട്ടുണ്ട്. അടുത്താഴ്ച 2.2 ട്രില്യണ്‍ ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജ് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് സംഭവിച്ചാല്‍ ലോക വിപണിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമാകും.
ഓഹരി വിപണിയില്‍ ഇന്നുണ്ടായ മുന്നേറ്റത്തിന്റെ പ്രതിഫലനം കേരള ഓഹരികളിലും പ്രകടമായി. കേരള കമ്പനികളില്‍ 21 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. ആറ് ഓഹരികള്‍ക്ക് കാലിടറുകയും ചെയ്തു. ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെല്ലാം നേട്ടമുണ്ടാക്കിയെന്നതാണ് ഇന്നത്തെ പ്രത്യേകത. 8.70 ശതമാനം വര്‍ധനവോടെ മണപ്പുറം ഫിനാന്‍സ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 12.25 രൂപ വര്‍ധിച്ച് മണപ്പുറത്തിന്റെ ഓഹരി വില 153 രൂപയായി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 71.35 രൂപ ഉയര്‍ന്ന് (7.01 ശതമാനം) 1089.25 രൂപയും കൊച്ചിന്‍ മിനറല്‍സിന്റേത് 5.40 രൂപ ഉയര്‍ന്ന് (4.67 ശതമാനം) 121 രൂപയും ഫെഡറല്‍ ബാങ്കിന്റേത് രണ്ടു രൂപ ഉയര്‍ന്ന് (4.37 ശതമാനം) 47.75 രൂപയുമായി.
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.26 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.17 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.84 ശതമാനം), അപ്പോളോ ടയേഴ്സ് (3.76 ശതമാനം), എവിറ്റി (3.7 ശതമാനം), കെഎസ്ഇ (2.85 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (2.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.29 ശതമാനം), ഹാരിസണ്‍സ് മലയാളം (2.02 ശതമാനം), സിഎസ്ബി ബാങ്ക് (1.79 ശതമാനം), കേരള ആയുര്‍വേദ (1.59 ശതമാനം), എഫ്എസിടി (1.54 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.39 ശതമാനം), നിറ്റ ജലാറ്റിന്‍ (0.67 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.40 ശതമാനം), കിറ്റെക്സ് (0.30 ശതമാനം), ആസ്റ്റര്‍ ഡി എം (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ ഈസ്റ്റേണ്‍ ട്രെഡ്സ് ആണ് മുന്നില്‍. 1.65 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഓഹരി വില 32.30 രൂപയായി. 4.86 ശതമാനം ഇടിവ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here