ആര്‍ബിഐ വായ്പാനയം: പലിശനിരക്കില്‍ മാറ്റമില്ല

മുംബൈ: റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാനയം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിക്കുകയായിരുന്നു.
പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായിരിക്കുന്നതിനാല്‍ തീരുമാനം വിപണി പ്രതീക്ഷകള്‍ക്ക് അനുകൂലമാണ്. റിവേഴ്‌സ് റിപ്പോ, ബാങ്ക് നിരക്ക്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ് എന്നിവയും മാറ്റമില്ലാതെ തുടരും.
മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷംനടന്ന ആദ്യയോഗത്തിലാണ് തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പ്രധാന പലിശനിരക്കായ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് അംഗങ്ങളെല്ലാവരും വോട്ടുചെയ്തത്.
ഓഗസ്റ്റില്‍ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍ തടസ്സമുള്ളതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ലക്ഷ്യമായ 2-6 ശതമാനത്തില്‍ പണപ്പെരുപ്പമെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പൊതുവിപണി ഇടപെടലിലൂടെ വിപണിയില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാന്‍ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
ഓഗസ്റ്റിലെ യോഗത്തിലും നിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതല്‍ ഇതുവരെ നിരക്കില്‍ 2.50ശതമാനമാണ് കുറവുവരുത്തിയത്. സെപ്റ്റംബര്‍ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാല്‍ നീണ്ടുപോകുകയായിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here