ഇതിനി ആനവണ്ടിയല്ല; ആഘോഷവണ്ടി

കെ.എസ്.ആര്‍.ടിസി ബസുകള്‍ ഇനി യാത്രക്ക് മാത്രമല്ല, ആഘോഷങ്ങള്‍ നടത്താനും ലഭിക്കും. ടിക്കറ്റേതരവരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്.
വിവാഹം, പിറന്നാള്‍, തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍ ലഭിക്കും. എട്ടുമണിക്കൂറിന് 4000 രൂപയാണ് നിരക്ക്. ഇതില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് പ്രത്യേകനിരക്ക് നല്‍കണം. ഡബിള്‍ഡക്കര്‍ ബസിന്റെ രണ്ടാംനില ആഘോഷങ്ങള്‍ക്കും താഴത്തെനില യാത്രയ്ക്കുമായി ഉപയോഗിക്കാം.
ലണ്ടനിലെ ആഫ്റ്റര്‍നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. വിജയകരമായാല്‍ കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആര്‍.ടി.സി. പദ്ധതി വ്യാപിപ്പിക്കും.
വിവാഹം അറിയിക്കാനുള്ള ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായി കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡക്കര്‍ ബസ് ഉപയോഗിക്കാനും അവസരമുണ്ട്. കിഴക്കേക്കോട്ടയുടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ട ബസില്‍ ആദ്യ ഫോട്ടോഷൂട്ട് നടത്തി. ജനുവരിയില്‍ വിവാഹിതരാകുന്ന വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ രാജപ്രൗഡിയില്‍നീങ്ങിയ ഡബിള്‍ഡക്കര്‍ ബസില്‍ ഫോട്ടോഷൂട്ട് നടത്തിയത്. തിരുവനന്തപുരത്ത് ഇതിനകം ഒട്ടേറെ ഏജന്‍സികള്‍ ഫോട്ടോഷൂട്ടിന് ബസ് ബുക്ക് ചെയ്തിട്ടുണ്ട്.