ഇലക്ട്രോണിക്‌സ്, ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജമേകാന്‍ ‘എയ്‌സ്’

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയേകുന്നതിനായി ടെക്‌നോപാര്‍ക്കില്‍ സ്ഥാപിച്ച ആക്‌സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ് മിഷന്റേയും (കെഎസ് യുഎം), കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ പ്രമുഖ ഗവേഷണ വികസന സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്റേയും (സി-ഡാക്) സംയുക്ത സംരംഭമാണിത്.
രാവിലെ 11.45ന് ഓണ്‍ലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ടൂറിസം-ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷനാകും. സംസ്ഥാന ഐടി, ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി കെ.മുഹമ്മദ് വൈ സഫീറുള്ള ഐഎഎസ്, സി-ഡാക് ഡയറക്ടര്‍ ജനറല്‍ ഡോ ഹേമന്ത് ദര്‍ബാരി, കെഎസ് യുഎം സിഇഒ ശശി പിലാച്ചേരി മീത്തല്‍ എന്നിവര്‍ സന്നിഹിതരിയിരിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്‌സിലറേറ്ററില്‍ നിന്നും ലഭിക്കും. കൂടാതെ നിശ്ചിത കാലയളവില്‍ സി-ഡാക്കിന്റെ മാര്‍ഗനിര്‍ദേശവും ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ സഹായത്തോടെ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് അടിസ്ഥാനമാക്കി കൊച്ചിയില്‍ സ്ഥാപിച്ച കെഎസ് യുഎം ഇന്‍കുബേറ്ററിനു പൂരകമായി ഈ ആക്‌സിലറേറ്റര്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ ഇലക്ട്രോണിക്‌സ് ടെക്‌നോളജി മേഖലയിലെ പ്രമുഖ ആക്‌സിലറേറ്ററായി വളരുകയാണ് എയ്‌സിന്റെ സുപ്രധാന ലക്ഷ്യം. ഇലക്ട്രോണിക്‌സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരുന്നതിനുള്ള അനുയോജ്യ അന്തരീക്ഷമാണ് ഇവിടെ ലഭ്യമാക്കുന്നത്.
അത്യാധുനിക ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സേവനങ്ങളുടേയും ഗവേഷണത്തിനും വികസനത്തിനുമുള്ള സോഫ്റ്റ് വെയര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആക്‌സിലറേറ്റര്‍ സഹായകമാകും. 50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആക്‌സിലറേറ്റര്‍ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടും.
കൊവിഡ് പശ്ചാത്തലത്തിലും ടെക്‌നോപാര്‍ക്കിലെ കെഎസ് യുഎമ്മിന്റെ സ്‌കെയില്‍ അപ് സ്‌പെയ്‌സിന് ഉയര്‍ന്ന ആവശ്യകതയുണ്ട്. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവിടെ സ്ഥലം അനുവദിച്ചുകഴിഞ്ഞു. സുസജ്ജമായ ഇടങ്ങള്‍ ഇളവോടെയാണ് ലഭ്യമാക്കുന്നത്. ഇവിടെയുള്ള ഫ്യൂച്ചര്‍ ടെക്‌നോളജി ലാബ് ആക്‌സിലറേറ്റര്‍ പരിപാടികള്‍ക്ക് കൂടുതല്‍ കരുത്തേകും.
2019ല്‍ ലോകോത്തര പബ്ലിക് ബിസിനസ് ആക്‌സിലറേറ്റര്‍ എന്ന യുബിഐ ഗ്ലോബലിന്റെ അംഗീകാരം സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ, വികസന, ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ എജന്‍സിയായ കെഎസ് യുഎമ്മിന് ലഭിച്ചിരുന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here