സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന കെ.ഫോണ്‍ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രഏജന്‍സികള്‍ നടത്തുകയാണ്. ജനങ്ങള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്ന പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള ശ്രമമാണിത്. ഈ പദ്ധതി എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഇടങ്കോലിടല്‍ ജനങ്ങള്‍ക്ക് എത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെ ഈ സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലുടനീളം 52000 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാകി അതുവഴി ഇന്റര്‍നെറ്റ് നല്‍കുക എന്നതാണ് ലക്ഷ്യം.
കെ-ഫോണിന്റെ കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിന് സര്‍ക്കാരുമായി കരാറുണ്ടാക്കി ഏതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കും. കെ-ഫോണ്‍ എന്നത് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ്. ആ ശൃംഖല ഉപയോഗിച്ച് ഏതൊരു സേവനദാതാവിനും ഏതൊരു വീട്ടിലേക്കും ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കാന്‍ സാധിക്കും.
അതുകൊണ്ട് കെ-ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാന്‍ ഉള്ളത് എന്തൊക്കെ സംഭവിച്ചാലും കെ-ഫോണ്‍ നടപ്പാക്കിയിരിക്കും. അതിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. സാധാരണക്കാര്‍ക്ക് ആകെ ഗുണകരമാണ് ഈ പദ്ധതി. അതേസമയം ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകാം. അതുകൊണ്ട് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കരുതെന്ന് ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ ഒത്തെ തോന്നാം. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സഹകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനുമുകളില്‍ അതിന്റെ നയങ്ങളും പരിപാടികളും എങ്ങിനെ തീരുമാനിച്ചു എന്നു പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിലേക്കേ നയിക്കൂ. ഇത് ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന കാര്യമാണെന്നും തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here