ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരേ കേസ്; 113 വാഹനങ്ങള്‍ പിടിച്ചെടുത്തു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി തുടങ്ങി. കൊച്ചിയില്‍ വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ 30 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് ഇത്തരത്തില്‍ 113 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷമെ വിട്ടുനില്‍കു. സംസ്ഥാന വ്യാപകമായി പോലീസ് കര്‍ശന പരിശോധന നടത്തിവരികയാണ്. വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. കാസര്‍കോട് ജില്ലയില്‍ മിക്കവാറും റോഡുകള്‍ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ടുണ്ട്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവരെ പോലീസ് മടക്കി അയക്കുകയാണ്. മലപ്പുറം ജില്ലയില്‍ പരിശോധന ശക്തമാണ്. സംസ്ഥാന വ്യാപകമായി ഇന്ന് പോലീസിന്റെ റൂട്ട് മാര്‍ച്ചും ഉണ്ടായിരുന്നു.

കൊറോണ മരണത്തിന് ശമനമില്ല: ഇറ്റലിയില്‍ ഇന്ന് മരിച്ചത് 743 പേര്‍, ലോകത്താകെ 18250 മരണം, 12547 പേര്‍ ഗുരുതരാവസ്ഥയില്‍, ഗള്‍ഫിലും കൂടുന്നു

0

ബീജിങ്: കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ലോകത്ത് 18250 ആയി. ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് ഇറ്റലിയില്‍ മരണം വീണ്ടും കൂടുന്നു. 743 പേരാണ് ഇന്നു മരിച്ചത്. ഇറ്റലിയിലെ മരണം മാത്രം എടുത്താല്‍ ചൈനയില്‍ മരിച്ചതിന്റെ ഇരട്ടിയോളം വരും. 6820 പേരാണ് ഇതുവരെ മരിച്ചത്.
ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 407660 ആയി. ഭേദമായവരുടെ എണ്ണം 1,04714ഉം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 12,547 പേരുണ്ട്.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 622 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം ഏഴാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലും മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 489 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 2800 ആയി. ജര്‍മനിയില്‍ 2935 പേര്‍ക്കും സ്‌പെയിനില്‍ 4540 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സൗദി അറേബ്യ 767 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചത്. പുതുതായി രോഗം ബാധിച്ചത് 205 പേര്‍ക്കാണ്. ഖത്തര്‍-501, ബഹ്‌റൈന്‍-390, കുവൈറ്റ്-191, യു.എ.ഇ-198, ഒമാന്‍-84.
സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. ഇറാനില്‍ 1934 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 122 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 57 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്. ഇന്ത്യയില്‍ 20 പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 10 ആയി. ആകെ 519 പേര്‍ക്ക് ബാധിച്ചു.

ലോകം മുഴുവന്‍ നിയന്ത്രണം; ചൈനയിലെ വുഹാന്‍ സാധാരണജീവിതത്തിലേക്ക്

0

ബീജിങ്: ലോകം മുഴുവന്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിക്കൊണ്ടിരിക്കെ, രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങി. വൈറസ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ലോകമെമ്പാടും 170 കോടി ആളുകള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നതിനിടെയാണ് വുഹാനിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാനൊരുങ്ങുന്നത്.
വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യയില്‍ രോഗബാധയില്ലാത്ത ആരോഗ്യമുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടുമാസത്തോളം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിഞ്ഞവരാണ് ഈ പ്രവിശ്യയിലുള്ളവര്‍.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തോളം കര്‍ശനമായ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഹുബെയ് പ്രവിശ്യ നിശ്ചലമായിരുന്നു. എന്നാല്‍ ഹുബെയിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോഴും വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ എട്ടുവരെ നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്.
അതേസമയം ചൈനയില്‍ നിന്ന് പുറത്തേക്ക് പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവരില്‍ കൂടി അവിടെ വീണ്ടും പടരുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0
delhi-news

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ കര്‍ഫ്യൂ സമാനമായ ലോക്ക്ഡൗണിന് വിധേയമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ലോക്ക്ഡൗണ്‍ 21 ദിവസം തുടരും.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രണ്ടാം തവണ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാജ്യവ്യാപകമായുള്ള ലോക്ക് ഡൗണ്‍ കര്‍ഫ്യൂവിന് തുല്യമാണെന്ന് വ്യക്തമാക്കി.
”നിങ്ങള്‍ 21 ദിവസത്തേക്ക് ഈ ലോക്ക് ഡൗണ്‍ പിന്തുടരുന്നില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന് 21 വര്‍ഷത്തെ തിരിച്ചടി നേരിടേണ്ടിവരും, ചില കുടുംബങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതായേക്കാം,” പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ എല്ലാവരുടെയും വീടിന് പുറത്ത് ഒരു ലക്ഷ്മണ രേഖ തീര്‍ക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ”അടുത്ത 21 ദിവസത്തേക്ക് നിങ്ങളുടെ വീടിന് പുറത്തിറങ്ങുന്നതിനെ കുറിച്ച് മറക്കുക, നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക,” പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കാനുള്ള ഏക പരിഹാരം സാമൂഹിക അകലം മാത്രമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
”വൈറസിന്റെ വ്യാപനത്തെ മെരുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിച്ച് പ്രക്ഷേപണ ചക്രം തകര്‍ക്കുക എന്നതാണ്,” പ്രധാനമന്ത്രി പറഞ്ഞു.
വൈറസ് ബാധിച്ചവര്‍ മാത്രമേ സാമൂഹിക അകലം പാലിക്കേണ്ടതുള്ളൂ എന്നത് തെറ്റിദ്ധാരണയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”സാമൂഹിക അകലം രോഗികള്‍ക്ക് മാത്രമല്ല, നിങ്ങള്‍, നിങ്ങളുടെ കുടുംബം, നിങ്ങളുടെ കുടുംബത്തിലെ ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണ്.” മോദി പറഞ്ഞു.
കൊറോണ വൈറസ് ആദ്യത്തെ ഒരു ലക്ഷം ആളുകളില്‍ എത്താന്‍ 67 ദിവസമെടുത്തു, അടുത്ത ഒരു ലക്ഷത്തില്‍ എത്താന്‍ 11 ദിവസമേ എടുത്തുള്ളൂ. അതിലും ഭയപ്പെടുത്തുന്ന കാര്യം, രോഗം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയരാന്‍ വെറും നാല് ദിവസം മാത്രമേ എടുത്തുള്ളൂ എന്നതാണ്, ”പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ്; വീഡിയോ സോഫ്റ്റ് വെയറുകള്‍ക്ക് നല്ലകാലം, അമേരിക്കയില്‍ ഡോക്ടര്‍മാരും രോഗികളെ കാണുന്നത് വീഡിയോയിലൂടെ

0
Shot of a smartly dressed woman having an on-line video conversation with a medical doctor

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായതോടെ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ക്ലാസുകളും പരീക്ഷകളും മാത്രമല്ല, ചികിത്സ പോലും നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ രോഗികളെ കാണുന്നതും വീഡിയോ കോണ്‍ഫറന്‍സിങ് വഴി.
2019ല്‍ 46486 കോടി രൂപയായിരുന്ന ആഗോള വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയര്‍ ബിസിനസ് 2027 ആകുമ്പോള്‍ 88000 കോടി രൂപയിലെത്തുമെന്നാണ് ഈ രംഗത്തെ പഠനം തെളിയിക്കുന്നത്.
ചെറുകിട- വന്‍കിട എന്ന വ്യത്യാസമില്ലാതെ വീഡിയോ കോണ്‍ഫറന്‍സിങ് ബിസിനസില്‍ പ്രായോഗികമായിക്കഴിഞ്ഞു. ഔട്ട് സോഴ്‌സ് ബിസിനസില്‍ ഏറ്റവും സൗകര്യപ്രദം വീഡിയോ കോണ്‍ഫറന്‍സിങ്ങാണെന്നും തെളിയിച്ചു കഴിഞ്ഞു.
3ഡി സാങ്കേതികവിദ്യയിലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്നത്. അഡോബ് സിസ്റ്റംസ് ഇന്‍ കോര്‍പറേറ്റഡ്, അര്‍കദിന്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍, ജോയ്‌സ് സി.ആര്‍, എസ്.ആര്‍.ഒ, ലോജിടെക് ഇന്റര്‍നാഷണല്‍, മൈക്രോസോഫ്റ്റ്, ഒറഞ്ച് ബിസിനസ് സര്‍വീസ് തുടങ്ങിയ കമ്പനികളാണ് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖര്‍.
അമേരിക്കയിലെ ഡോക്ടര്‍മാര്‍ കൊറോണ വൈറസ് സജീവമായതോടെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ദൈനംദിനം നേരിടുന്ന പ്രശ്‌നങ്ങളെ ഓണ്‍ലൈനില്‍ കൂടിതന്നെ മരുന്നു നിര്‍ദേശിക്കുന്നത്. മൊബൈല്‍ ഫോണ്‍ സോഫ്റ്റ് വെയറുകളെയാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ആശ്രയിക്കുന്നത്.

കൊറോണ മരണം 17141 ആയി; ഭേദമായവര്‍ 1,03,393, ഇന്ത്യയില്‍ മരണം-10

0

റോം: കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ലോകത്ത് 17147 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 3,92,336 ആയി. ഭേദമായവരുടെ എണ്ണം 1,03393ഉം.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 582 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം ഏഴ്. സ്‌പെയിനും ഇറ്റലിക്കു പിന്നാലെ മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 385 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 2696 ആയി. ജര്‍മനിയില്‍ 1094 പേര്‍ക്കും സ്‌പെയിനില്‍ 4537 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സൗദി അറേബ്യ 562, ഖത്തര്‍-511, ബഹ്‌റൈന്‍-390, കുവൈറ്റ്-191, യു.എ.ഇ-198, ഒമാന്‍-84.
സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. ഇറാനില്‍ 1762 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 122 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 57 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്. അതേസമയം ഇറ്റലിയിലെ ഇന്നത്തെ അവസ്ഥ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയില്‍ 12 പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണം 10 ആയി. ആകെ 511 പേര്‍ക്ക് ബാധിച്ചു.

ഫലപ്രദമായി കൊറോണ നേരിട്ടാലും ഡല്‍ഹിയില്‍ 15 ലക്ഷം പേര്‍ക്ക് ബാധിച്ചേക്കാമെന്ന് സര്‍ക്കാര്‍ ഏജന്‍സി

0

ന്യൂഡല്‍ഹി: ഫലപ്രദമായി കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ രാജ്യം വിജയിച്ചാല്‍ പോലും രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ 15 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുമെന്ന് ഐ.സി.എം.ആര്‍( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു. മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ അഞ്ച് ലക്ഷത്തോളം പേരെയാണ് കൊറോണ വൈറസ് ബാധിക്കുക. 200 ദിവസമെടുത്താകും വൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ സാധിക്കുക. 200 ദിവസത്തിലാകും രോഗികളുടെ എണ്ണം ഇത്രയുമാവുകയെന്നും ഫെബ്രുവരി 27ന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും മോശമായി സാഹചര്യങ്ങള്‍ മാറുകയും കൊറോണ വൈറസ് പരമാവധി പേരിലേക്ക് പടരുകയും ചെയ്താല്‍ ന്യൂഡല്‍ഹിയില്‍ മാത്രം ഒരു കോടി പേരിലേക്ക് വൈറസ് പടര്‍ന്നു പിടിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍ നാല്‍പത് ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധിക്കും. ഇത് ഫെബ്രുവരി മുതല്‍ അമ്പത് ദിവസം കൊണ്ടായിരിക്കും സംഭവിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയില്‍ കൊറോണ വരുന്നവരുടെ എണ്ണം രണ്ട് ലക്ഷമായിരിക്കും. ഏറ്റവും ഫലപ്രദമായി തടഞ്ഞാല്‍ 700 ദിവസം കൊണ്ടായിരിക്കും ഇത്രയും പേരിലേക്ക് വൈറസ് എത്തുക. കൊറോണ വൈറസ് ലക്ഷണങ്ങളുള്ള പകുതി പേരെയെങ്കിലും മൂന്നു ദിവസത്തിനികം ക്വാറന്റെയ്ന്‍ ചെയ്യാന്‍ സാധിച്ചാല്‍ ഫലപ്രദമായി തടയാമെന്നും പറയുന്നു. ഒരു മാസം മുമ്പുള്ള സാഹചര്യങ്ങളും കണക്കുകൂട്ടലും അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിതെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.
ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു എന്നീ നഗരങ്ങളാണ് ഇന്ത്യയുടെ അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളെന്നും ഇവിടെ നിന്നാണ് പ്രാഥമിക വൈറസ് പടര്‍ന്നു പിടിക്കല്‍ ഉണ്ടാവുകയെന്ന കണക്കുകൂട്ടലിലുമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് 19 രോഗം ബാധിച്ചവരില്‍ ഏതാണ്ട് പകുതി പേരെയെങ്കിലും വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ കണ്ടെത്താന്‍ സാധിക്കില്ല. പനി പോലുള്ള ലക്ഷണങ്ങള്‍ ഇവരിലുണ്ടാവാത്തതിനാല്‍ തെര്‍മല്‍ സ്‌ക്രീനിംങ് വഴിയുള്ള വിമാനത്താവളങ്ങളിലേയും മറ്റും പരിശോധനകള്‍ ഇവരില്‍ ഫലപ്രദമാകില്ല. കൊറോണ ബാധയില്ലെന്ന ധാരണയില്‍ ഇവരും പൊതുസമൂഹത്തില്‍ ഇടപെടുന്നതോടെയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്.
ചൈനയില്‍ നിന്നെത്തിയ യാത്രക്കാരെ മാത്രം വിലയിരുത്തിയാണ് ഐ.സി.എം.ആര്‍ ഈ റിപ്പോര്‍ട്ടു തയ്യാറാക്കിയിരിക്കുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം വന്‍ തോതില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹവ്യാപനം ആരംഭിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.

അടുത്ത മൂന്നുമാസക്കാലം മിനിമം ബാലന്‍സ് ഇല്ല; ഏത് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാം

0

ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ ഇളവുകളും പദ്ധതികളും വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് ഉള്‍പ്പെടെ നിരവധി ഇളവുകള്‍ മന്ത്രി പ്രഖ്യാപിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12 നിന്ന് 9 ശതമാനമായി കുറയ്ക്കുകയും ചെയ്തു. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം.അധികചാര്‍ജ് ഈടാക്കുകയില്ല. സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തീയതി ജൂണ്‍ 30 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.

സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട; രാജ്യത്ത് ഒന്നരവര്‍ഷത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്‌

0

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നരവര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഡി.വി. പ്രസാദ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യണ്‍ ടണ്‍ മുതല്‍ 60 മില്യണ്‍ ടണ്‍വരെ ഭക്ഷ്യധാന്യങ്ങളാണ്. 2019 -20 വര്‍ഷത്തില്‍ റെക്കാഡ് ശേഖരമാണ് ഗോഡൗണുകളിലുള്ളത്. ആരും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട. അത് വിലക്കയറ്റത്തിനിടയാക്കും. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ; വരാനിരിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലം

0

ന്യൂഡല്‍ഹി: കൊറോണയുടെ ആഘാതം ലോകത്തിന് വരുത്തുന്നത് വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലം. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരികയെന്നുമാണ് മുന്നറിയിപ്പ്.
ലോക സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ തുടക്കം കുറിച്ച് കൊറോണ ഇതിനകം 192 രാജ്യങ്ങളിലായി മൂന്നരലക്ഷത്തോളം ജനങ്ങളെ ബാധിച്ചുകഴിഞ്ഞു. നൂറോളം രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ വിനോദ സഞ്ചാരമേഖല പൂര്‍ണമായും നിശ്ചലമായി. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി.
യൂറോപ്യന്‍ യൂണിയന്‍ മുപ്പത് ദിവസത്തേക്ക് പുറമെ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്‍പ്പിച്ചു. ഈ വിലക്ക് 48000 വിമാന സര്‍വീസുകളെയും ഒരു കോടി യാത്രക്കാരെയും ബാധിക്കും. ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വിപണികള്‍ എല്ലാം തന്നെ ഗുരുതരമായ തകര്‍ച്ചയാണ് നേരിടുന്നത്. അമേരിക്കയുടെ ഡൗ ജോണ്‍സ്, ജപ്പാന്റെ നിക്കേയി, ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ ഒന്നാംനിര ഓഹരി സൂചികകള്‍ മൂന്നാഴ്ച കൊണ്ട് 30 ശതമാനത്തിലേറെ കൂപ്പുകുത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലും സ്ഥിതി ഭിന്നമല്ല.
ഓഹരി വിപണി മൂല്യത്തില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഒറ്റയടിക്ക് ചോര്‍ന്നതോടെ നിരവധി പെന്‍ഷന്‍, സമ്പാദ്യ പദ്ധതികള്‍ തകര്‍ച്ച നേരിടുന്നു.ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയുടെ ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു. ചൈനയിലെ പല വന്‍കിട നിര്‍മാണശാലകളും അടഞ്ഞു കിടക്കുകയാണ്. അവരുടെ ഉല്‍പ്പാദനത്തില്‍ 13.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിസാന്‍, ഫോക്സ് വാഗന്‍, ഹോണ്ട, ജി.എം. തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കള്‍ അവരുടെ പ്ലാന്റുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയ മുന്നറിയിപ്പ് നല്‍കി. ഇത് എത്രകാലം നീണ്ടു നില്‍ക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലും സാമ്പത്തിക മാന്ദ്യം രൂക്ഷമാണ്. ഇന്നലെ മാത്രം ഓഹരിവിപണികളില്‍ വന്‍ ഇടിവാണുണ്ടായത്. 14 ലക്ഷം കോടിയാണ് ഇന്നലെ മാത്രം ചോര്‍ന്നത്. രാജ്യത്തെ വിമാനകമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഇതിനകം പ്രതിസന്ധിയിലായിക്കഴിഞ്ഞു. കേരളത്തേയും കൊറോണ സാമ്പത്തികമായി തകര്‍ക്കുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.