ഫോക്‌സ് വാഗന്റെ ടിഗ്വന്‍ ഓള്‍സ്‌പേസിനു പിന്നാലെ ടി-റോക്കും ഇന്ത്യയിലേക്ക്

ഫോക്‌സ്വാഗന്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എസ്യുവി ടിറോക്കിന്റെ വില 28 ലക്ഷം രൂപ. മാര്‍ച്ച് മൂന്നിന് ടിഗ്വന്‍ ഓള്‍സ്‌പേസ് അവതരിപ്പിക്കുന്നതിനു പിന്നാലെയാണു ഫോക്‌സ്വാഗന്‍ ടിറോക്കിന്റെ വരവ്. ആഴ്ചകള്‍ക്കു മുമ്പു നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്വാഗന്‍ ഇന്ത്യയില്‍ ടി റോക് അനാവരണം ചെയ്തത്. നിലവില്‍ വോ ക്‌സ്വാഗന്‍ ഡീലര്‍മാര്‍ ടി റോക്കിനുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സാധ്യത പ്രയോജനപ്പെടുത്തി വിദേശത്തു നിര്‍മിച്ച 2,500 ടി റോക് ഇറക്കുമതി ചെയ്താവും ഫോക്‌സ്വാഗന്‍ വില്‍പനയ്ക്ക് തുടക്കമിടുക.
പ്രാദേശികതലത്തില്‍ വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തില്‍ പ്രതിവര്‍ഷം 2,500 വാഹനം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പഞ്ഞമില്ലാതെ, ഒറ്റ വകഭേദത്തില്‍ മാത്രമാവും ടി റോക് വില്‍പനയ്ക്കുണ്ടാവുക. പൂര്‍ണ എല്‍ ഇ ഡി ഹെഡ്ലാംപും ടെയില്‍ ലാംപും, ഇരട്ട വര്‍ണ അലോയ് വീല്‍, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, വിയന്ന ലതര്‍ സീറ്റ് എന്നിവയൊക്കെ ടി റോക്കിലുണ്ടാവും. മികച്ച സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഇ എസ് സി, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, പാര്‍ക്കിങ് കാമറ തുടങ്ങിയവയും വാഹനത്തിലുണ്ടാവും.
രാജ്യാന്തര വിപണികളില്‍ ടിഗ്വനു താഴെയാണ് 4.2 മീറ്റര്‍ നീളമുള്ള ടി റോക്കിനു സ്ഥാനം. 150 ബി എച്ച് പിയോളം കരുത്തും 250 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ സഹിതമാണ് ടി റോക്കിന്റെ വരവ്. ഏഴു സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുമായെത്തുന്ന ടി റോക്കിനു മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് ലഭ്യമാവില്ല.