കരയിലെ വേഗ രാജാവാകാന്‍ ഹൈപ്പര്‍ലൂപ്പ്; അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും

വിമാന വേഗത്തിലെത്തുന്ന തരത്തില്‍ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പുകള്‍ ഗതാഗത സങ്കല്‍പങ്ങളെ തന്നെ മാറ്റുമോ?. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങള്‍ കുറിച്ച ടെസ്ല കമ്പനിയുള്ള സ്ഥാനകനായ ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഹൈപ്പര്‍ലൂപ്പ്. ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങളുമായി നിരവധി കമ്പനികള്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതില്‍ വിജയം കണ്ട ചുരുക്കം ചില കമ്പനികളിലൊന്നാണ് മസ്‌കിന്റെ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജിസ്. പരീക്ഷണങ്ങള്‍ വിജയകരമായി മുന്നേറുന്നതോടെ അടുത്ത വര്‍ഷം ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രത്യാശ.
അടുത്തിടെ മണിക്കൂറില്‍ 228 മൈല്‍ (366 കിലോമീറ്റര്‍) വേഗം കൈവരിച്ച ഹൈപ്പര്‍ലൂപ്പ് അടുത്ത വര്‍ഷം സഞ്ചാരയോഗ്യമാക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. മണിക്കൂറില്‍1123 കിലോമീറ്ററാണ് വേഗം. തുടക്കത്തില്‍ അമേരിക്കയിലും അതിനു ശേഷം ലോകത്ത് മറ്റു രാജ്യങ്ങളിലും ഹൈപ്പര്‍ലൂപ്പുകള്‍ സ്ഥാപിക്കാനാണ് മസ്‌കിന്റെ പദ്ധതി. ഭൂമിക്കടിയിലൂള്ള ടണലില്‍ കൂടിയായിരിക്കും ഹൈപ്പര്‍ ലൂപ്പിന്റെ സഞ്ചാരം.
ഇലണ്‍ മസ്‌കാണ് ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ വേഗമുള്ള ചെലവ് കുറഞ്ഞ പദ്ധതിയായാണ് ഇലോണ്‍ മസ്‌ക് അന്ന് ഇതിനെ വിശദീകരിച്ചത്. പിന്നീട് നിരവധി കമ്പനികള്‍ ഈ ആശയവുമായി മുന്നോട്ടും വന്നു. മസ്‌കിന്റെ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജിസ് എന്ന കമ്പനി കൂടാതെ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന മറ്റൊരു കമ്പനിയും നിരവധി പരീക്ഷണയോട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര സര്‍ക്കാറുമായി ഹൈപ്പര്‍ലൂപ്പ് വണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.പ്രത്യേകമായി നിര്‍മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.
മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യ പിന്‍ബലമാക്കിയാണ് അകം ശൂന്യമായ കുഴലുകളിലൂടെ യാത്രക്കാരെ വഹിക്കുന്ന വാഹനങ്ങള്‍(അഥവാ പോഡ്) കുതിച്ചുപായുക. ചരക്കുനീക്കത്തിനും ഇത്തരം പോഡ് ഉപയോഗിക്കാമെന്നതാണ് ഹൈപ്പര്‍ലൂപ്പിന്റെ മറ്റൊരു നേട്ടം. വൈദ്യുതിയാണു പോഡുകള്‍ക്കു കരുത്തേകുക. വായുവിന്റെ സാന്നിധ്യം പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നതിനാല്‍ കുറഞ്ഞ തോതില്‍ ഊര്‍ജം ഉപയോഗിച്ചു പോഡുകള്‍ക്കു കുഴലിലൂടെ അതിവേഗം കുതിച്ചുപായാനാവും.കുഴലുകള്‍ക്ക് ഇഷ്ടമുള്ള വ്യാസം ക്രമീകരിക്കാമെന്നതാണ് ഹൈപ്പര്‍ലൂപ്പിന്റെ മറ്റൊരു സവിശേഷത. ചെറിയ കാര്‍ മുതല്‍ കപ്പലില്‍ കയറ്റുന്ന കണ്ടെയ്‌നര്‍ വരെ കൊണ്ടുപോകാന്‍ കഴിവുള്ള കുഴലുകള്‍ തിരഞ്ഞെടുക്കാം. ഭൗമോപരിതലത്തിലോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ പോലും സ്ഥാപിക്കാമെന്നതിനാല്‍ ഹൈപ്പര്‍ലൂപ് വ്യത്യസ്തതയിലും മുന്നില്‍തന്നെ.