കൊറോണ; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് ഐ.എം.എഫ്

ന്യൂയോര്‍ക്ക്: കൊറോണ ബാധിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം ദിവസം തോറും വന്‍തോതില്‍ വര്‍ധിക്കുന്നതിനിടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എണ്‍പതിലേറെ രാജ്യങ്ങള്‍ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങള്‍. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച പരീക്ഷണ സംവിധാനപരിശോധനയ്ക്ക് അമേരിക്ക അനുമതി നല്‍കി.