ബ്രാന്‍ഡിംഗില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഇതാ

കൊച്ചി: ബ്രാന്‍ഡിംഗ് ആണ് കച്ചവടത്തിന്റെ അടിത്തറ. മാറുന്ന ട്രെന്‍ഡുകള്‍ മനസ്സിലാക്കി വേണം ബ്രാന്‍ഡിംഗിന് പണം മുടക്കാന്‍. പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയും ഉപയോക്താവിനെ പ്രലോഭിപ്പിക്കുകയും ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് മാര്‍ക്കറ്റിംഗ് തന്ത്രം. എന്നാല്‍ ഇതിന്റെ വിപരീതമാണ് ബ്രാന്‍ഡിംഗ്. ബ്രാന്‍ഡിംഗില്‍ ഉല്‍പ്പന്നത്തിലുളള വിശ്വാസ്യതയില്‍ ഉപയോക്താവ് സ്വയം ആകൃഷ്ടനാവുകയാണ് ചെയ്യുന്നത്. ഉല്‍പ്പന്നം ഉപയോക്താവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. മികച്ച ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ ആവശ്യക്കാര്‍ ഇങ്ങോട്ട് തേടിയെത്തും എന്ന പഴകിയ ചിന്താഗതിക്ക് ഇന്നത്തെ മത്സരമുള്ള വിപണിയില്‍ നിലനില്‍പ്പില്ല. ബ്രാന്‍ഡിംഗ് ഉണ്ടായാല്‍ മാത്രമേ വില്‍പ്പന നടക്കൂ. ബ്രാന്‍ഡിംഗില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഇതാ.

1. ബ്രാന്‍ഡിംഗിനായി സെലിബ്രിറ്റികളെ കൊണ്ട് വരിക എന്നത് ഓള്‍ഡ് ട്രെന്‍ഡ്. സാധാരണക്കാരനായ ഉപഭോക്താവ് തന്റെ അനുഭവത്തില്‍ നിന്നും ബ്രാന്‍ഡിനെപ്പറ്റി പറയുന്ന രീതിക്കാണ് ഇപ്പോള്‍ വിപണി.

2. മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിയാണ് എക്കാലത്തെയും മികച്ച ബ്രാന്‍ഡിംഗ് ടൂള്‍ എന്നത് മനസ്സില്‍ വയ്ക്കുക. നമ്മുടെ ബ്രാന്‍ഡിന്റെ യുഎസ്പി (unique selling proposition) ഉപഭോക്താവിന് ഇഷ്ടമായാല്‍ പി
ന്നെ യാതൊന്നും നോക്കാനില്ല. എന്നാല്‍ ഈ അവസരത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള സാവകാശവും സമയവും ഉപഭോക്താവിന് നല്‍കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം.

3. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം. ബ്രാന്‍ഡിംഗ് രംഗത്തെ ഏറ്റവും നൂതനമായ രീതിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സ് മുഖാന്തരം പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യര്‍, സെന്‍സറുകള്‍, എന്നിവ ഉപഭോക്താക്കളില്‍ കൗതുകമുണര്‍ത്തും. വൈറ്റില ഗോള്‍ഡ് സൂക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖാന്തരം പ്രവര്‍ത്തിക്കുന്ന കാഷ്യര്‍ലെസ് സൂപ്പര്‍മാര്‍ക്കറ്റ്, കോഴിക്കോട്ടെ കടയില്‍ മാനേജരായെത്തിയ റോബോട്ട്, ഭക്ഷണം വിളമ്പുന്ന റോബോട്ടുകളുമായെത്തിയ കോയമ്പത്തൂരിലെ റെസ്റ്റോറന്റ് എന്നിവ ഈ സാധ്യതകളെ വിനിയോഗിച്ചവരാണ്.

4. ഉല്‍പ്പന്നത്തെ ശരിയായി പൊസിഷന്‍ ചെയ്യുന്നതിന് മുന്‍പ് ചെയ്യുന്ന പരസ്യങ്ങള്‍ ബ്രാന്‍ഡിംഗിനെ നെഗറ്റീവ് ആയി ബാധിക്കും. എടുത്തു ചാടി പരസ്യം ചെയ്യുന്ന പ്രവണത പാടില്ല.

5. സംരംഭകന്‍ നേരിട്ടിറങ്ങിയാണ് ബ്രാന്‍ഡിംഗ് കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് വിചാരിച്ചാല്‍ ലോഗോ ഡിസൈന്‍ ചെയ്യാനും പരസ്യങ്ങള്‍ നല്‍കാനും സാധിച്ചേക്കും . എന്നാല്‍ അതിനേക്കാള്‍ അപ്പുറത്ത് സ്വന്തം ബ്രാന്‍ഡിനെ വളര്‍ത്താന്‍ സംരംഭകന്‍ തന്നെ നേരിട്ടിറങ്ങണം.

6. ബ്രാന്‍ഡിംഗിന് സ്ഥാപനത്തിന്റെ പേര് സിംപിളും പവര്‍ഫുള്ളും ആയി തെരെഞ്ഞെടുക്കല്‍ വളരെ പ്രധാനമാണ്. മിക്ക സ്ഥാപനത്തിനും നല്ലത് ഉത്പന്നവുമായി ബന്ധപ്പെട്ട പേരു തന്നെയാണ്. എന്നാല്‍
മൈക്രോസോഫ്റ്റ് ആരംഭിക്കുമ്പോള്‍ ബില്‍ഗേറ്റ്സ് ശ്രദ്ധിച്ചത് ആരും ഇതുവരെ കേള്‍ക്കാത്ത പേരായിരിക്കണം എന്നതാണ്. അത്പോലെ തന്നെ ആപ്പിള്‍ തുടങ്ങിയപ്പോള്‍ ഒരിക്കലും ഒരു ടെക് സ്ഥാപനത്തിന് ചേരാത്ത പേര് വേണം എന്ന നിര്‍ബന്ധം സ്റ്റീവ് ജോബ്സിനും ഉണ്ടായിരുന്നു.

7. സ്വന്തം ബ്രാന്‍ഡിനെപ്പറ്റി ഇപ്പോഴും വാചാലരാകുക. ഓറല്‍ പബ്ലിസിറ്റി എന്ന ഈ തന്ത്രം ഏറെ ഫലപ്രദമാണ്. സംരംഭകന്റെ വായില്‍ നിന്നും നേരിട്ട് ബ്രാന്‍ഡിന്റെ കഥയറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടാകും. തന്റെ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ പ്രമോട്ടറായി സ്വയം മാറുക. ബ്രാന്‍ഡ് വളരുന്നതിനൊപ്പം സംരംഭകനും വളരുന്നതിന് ഈ മാര്‍ഗം സഹായിക്കും.

8. ബ്രാന്‍ഡ് ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബ്രാന്‍ഡിന് പറയാന്‍ ഒരു കഥയുണ്ടാകുക എന്നത്. എന്താണ് നിങ്ങളുടെ ബ്രാന്‍ഡിന്റെ യുഎസ്പി, മാറ്റ് ബ്രാന്‍ഡുകളില്‍ നിന്നും എങ്ങനെ നിങ്ങളുടെ ബ്രാന്‍ഡ് വ്യത്യസ്തമാകുന്നു, എന്ത്കൊണ്ടാണ് ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് തുടങ്ങിയത്? തുടങ്ങി നിങ്ങളുടെ ബ്രാന്‍ഡ് സ്റ്റോറി എന്തുമാകാം. ഒപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഒരംശം കൂടി നിങ്ങളുടെ ബ്രാന്‍ഡിന് പറയാനുണ്ടെങ്കില്‍ പിന്നെ ഒട്ടും പേടിക്കേണ്ട കാര്യമില്ല ബ്രാന്‍ഡിനെ ജനങ്ങള്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

9. ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷന്‍ എന്ന വാചകം ബ്രാന്‍ഡിംഗിലും ബാധകമാണ്. ഏതൊരു ഉല്പന്നവും സേവനവും ആദ്യമായി വിപണിയിലെത്തുമ്പോള്‍ അതുണ്ടാക്കുന്ന പേര്, അത് നല്ല പേരായാലും ചീത്തപ്പേരായാലും കാലാകാലം നിലനില്‍ക്കും. അതിനാല്‍ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കുക. മികച്ച കസ്റ്റമര്‍ സര്‍വീസ്, ഓഫറുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.ഒരിക്കല്‍ ഒരു ബ്രാന്‍ഡിനെ ജനങ്ങള്‍ അവിശ്വസിച്ചാല്‍ പിന്നീട് ആ തലത്തിലേക്ക് തിരിച്ചെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. ഉപഭോക്താക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്നത് ഇക്കാര്യത്തില്‍ ഗുണകരമാണ്.

10. സ്ഥാപനത്തില്‍ നിന്നും ഉപഭോക്താവിലേക്കെത്തുന്ന ഏതു സംവേദനവും ബ്രാന്‍ഡിംഗ് ആണ്. റിസപ്ഷന്‍ കൗണ്ടറിലെ പെണ്‍കുട്ടിയുടെ സംവേദനവും റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്ന വെയ്റ്ററുടെ സംവേദനവും ഡോക്ടറുടെ രോഗിയോടുളള സംവേദനവും സെയില്‍സ്മാന്റെ ഉപഭോക്താവിനോടുളള സംവേദനവും എല്ലാം ബ്രാന്‍ഡിംഗ് ആകുന്നു. സ്ഥാപനത്തിലെ ഓരോ വ്യക്തിയുടെയും മാന്യമായ പെരുമാറ്റവും സംവേദനവും ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. ഒരു വെയ്റ്ററുടെ മാന്യമായ പെരുമാറ്റവും സംഭാഷണവും മതി ഒരു റസ്റ്റോറന്റിനോടുളള കസ്റ്റമറുടെ മമത വര്‍ധിപ്പിക്കുവാന്‍.