കൊറോണയ്ക്കു പിന്നാലെ ക്രൂഡ് ഓയില്‍ തകര്‍ച്ചയും; 18 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച, പക്ഷേ ഇന്ത്യയില്‍ വില കുറയുന്നില്ല

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഉച്ചയോടെ ഡബ്ലിയു.ടി.ഐ ക്രൂഡ് വില 20 ഡോളറിലേക്ക് താഴ്ന്നു.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഓയില്‍ വിലയുടെ ആവശ്യകത കുറഞ്ഞതാണ് വില കുറയാന്‍ കാരണം.. 5.67 ശതമാനം വിലയാണ് മുന്‍ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 26 ഡോളറിലേക്ക് താഴ്ന്നു. എട്ടു ശതമാനം വിലയാണ് കുറഞ്ഞത്. ഈ വര്‍ഷം ഓയിലിന് വില കുറഞ്ഞത് 60 ശതമാനമാണ്. 2002നു മുമ്പാണ് ഇതിനു മുമ്പ് ഇത്രയും വലിയ വിലത്തകര്‍ച്ചയുണ്ടായത്.
അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാതടസ്സം നേരിടുന്നതിനാല്‍ ഓയിലിന്റെ ആവശ്യകത ലോകത്ത് ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആഗോളതലത്തില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില ആനുപാതികമായി കുറയുന്നില്ല. 2019 ഡിസംബറിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ അറുപത് ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടുകയും ചെയ്തു.
ഡിസംബറില്‍ ബാരലിന് 65.5 ഡോളര്‍ ഉണ്ടായിരുന്നിടത്തു നിന്ന് മാര്‍ച്ച് പകുതി ആയപ്പോഴേക്കും 26.32 ഡോളറിലേക്ക് ആണ് കൂപ്പുകുത്തിയിരിക്കുന്നത്.
ഇപ്പോള്‍ 22.98 രൂപയാണ് പെട്രോളിന്റെ എക്‌സൈസ് തീരുവ. ഡീസലിന് 18.83 രൂപയും. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം 2019 ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ രാജ്യത്ത് 15.3 കോടി ലിറ്റര്‍ പെട്രോളും 26.99 കോടി ലിറ്റര്‍ ഡീസലും ദിനംപ്രതി വില്‍ക്കുന്നുണ്ട്. അഥവാ, ഒരു ദിനം കൊണ്ട് എക്‌സൈസ് ഡ്യൂട്ടിയില്‍നിന്ന് മാത്രം സര്‍ക്കാറിന്റെ ഖജനാവിലെത്തുന്നത് 860 കോടി രൂപയാണ്. ഒരു മാസം 25800 കോടി രൂപ. തീരുവ വര്‍ധിപ്പിച്ചതു വഴി മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 11 ലക്ഷം കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തിച്ചത്.