മാരുതി സ്വിഫ്റ്റ് 7 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ മോഡലോടുകൂടി

മാരുതി സുസുക്കി സ്വിഫ്റ്റ് എന്നും മലയാളിക്ക് ഹരമാണ്. കേരളത്തിലെ ഏറ്റവും ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. ഇപ്പോഴിതാ
സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ പുതിയ ഏഴ് ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം അവതരിപ്പിച്ച് മാരുതി സുസുക്കി. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം മാറ്റിയെങ്കിലും വാഹനത്തിന്റെ വില കൂട്ടിയില്ലെന്നതാണ് മറ്റൊരു വസ്തുത.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത്, ഓക്സ് ഇന്‍, യുഎസ്ബി കണക്റ്റിവിറ്റി ലഭിക്കുന്ന 7 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ. കൂടാതെ കണക്റ്റഡ് സ്മാര്‍ട്ട്ഫോണ്‍ വഴി നാവിഗേഷന്‍ സപ്പോര്‍ട്ട് ലഭിക്കും. നിലവിലെ സിസ്റ്റത്തില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷനും പ്രീ ലോഡഡ് മാപ്പുകളുമാണ് ഉണ്ടായിരുന്നത്.
ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിച്ചു എന്നതൊഴിച്ചാല്‍ ഫീച്ചറുകള്‍, സ്പെസിഫിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുക്കി സ്വിഫ്റ്റിനുള്ളത്.