സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ചെലവു ചുരുക്കല്‍ പദ്ധതിയുമായി ഒമാന്‍

മസ്‌കറ്റ്: എണ്ണ വില ഇടിഞ്ഞതും കൊറോണയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെലവു ചുരുക്കല്‍ പദ്ധതി. ഒമാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചു. 500 ദശലക്ഷം ഒമാനി റിയാലിന്റെ കുറവ് വരുത്തിക്കൊണ്ട് ഒമാന്‍ ധനകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. എണ്ണവില ഇനിയും ഇടിഞ്ഞാല്‍ കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
സിവില്‍, സുരക്ഷ, പ്രതിരോധം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ച് ശതമാനവും രാജ്യത്തിന്റെ വികസന ബജറ്റില്‍ നിന്ന് പത്ത് ശതമാനവും കുറയ്ക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 500 ദശലക്ഷം റിയാലിന്റെ കുറവ് പൊതുബജറ്റില്‍ വരുത്താനാണ് ഒമാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എണ്ണവില 30 അമേരിക്കന്‍ ഡോളറില്‍ താഴെയെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയം ചെലവുചുരുക്കല്‍ നടപടികള്‍ക്ക് തയ്യാറായത്. ഈ വര്‍ഷത്തെ രാജ്യത്തിന്റെ പൊതുബജറ്റില്‍ എണ്ണവില 58 ഡോളറായാണ് നിജപ്പെടുത്തിയിരുന്നത്. മുന്‍ഗണന അനുസരിച്ച് ചെലവുകളുടെ പുതിയ പട്ടിക തയ്യാറാക്കുവാനും മന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
പുതിയ പദ്ധതികള്‍ക്കും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്കും ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുവാദം നേടിയിരിക്കുകയും വേണം. രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പൊതുബജറ്റില്‍ കുറവു വരുത്തിയതെന്ന് ഒമാന്‍ ധനകാര്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.