അമേരിക്കയില്‍ തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ കുടിയേറ്റം നിര്‍ത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ‘അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, എന്ന് ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് വ്യാപിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത്.
കൊറോണ വൈറസ് പിടിമുറുക്കിയ യുഎസില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുവരികയാണ്. യുഎസില്‍ മരണനിരക്ക് 42,094 ആയി. 24 മണിക്കൂറിനിടെ 1433 പേര്‍ മരിച്ചതായി ജോണ്‍ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു.
യുഎസില്‍ റിപ്പോര്ട്ട് ചെയ്ത മരണങ്ങളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്. 7,84,599 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72,389 പേര്‍ മാത്രമാണ് ഇതില്‍ രോഗമുക്തരായിട്ടുള്ളത്.