ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി

ആഡംബര കാറുകള്‍ കസ്റ്റമൈസ് ചെയ്യുന്നതില്‍ പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഡിഫൈഡ് അംബാസിഡറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയത്. അണിയറയില്‍ തയ്യാറാവുന്ന ഇലക്ട്രിക്ക് ഹൃദയവും തട്ടുപൊളിപ്പന്‍ ലുക്കുമുള്ള ഡിസി2 അംബാസിഡര്‍. ഇ-ആമ്പി എന്നാണ് ഡിസി2-ന്റെ ഇലക്ട്രിക് അംബാസിഡറിന്റെ പേര്.
സുരക്ഷാ അത്യാവശ്യമുള്ളവരെ ഉദ്ദേശിച്ചാണത്രെ ഇ-ആമ്പിയെ തയ്യാറാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനമായ ദി ബീസ്റ്റ്, റഷ്യ പ്രസിഡന്റിന്റെ ഓറസ് സെനറ്റ്, ചൈനീസ് പ്രസിഡന്റിന് ഹോങ്കി എന്നീ കാറുകള്‍ ആണ് പ്രചോദനം. യഥാര്‍ത്ഥ അംബാസിഡറിനേക്കാള്‍ 125 എംഎം വീതിയും 170 എംഎം നീളവും കൂടുതലാണ് ഡിസി2-ന്റെ ഇലക്ട്രിക് അംബാസഡറിന്. ഡിസി ഡിസൈന്‍ (ഡിസി2-ന്റെ മുന്‍പത്തെ പേര്) മുന്‍പ് അവതരിപ്പിച്ചിരുന്ന അംബാസിഡര്‍ അടിസ്ഥാനപ്പെടുത്തിയ കണ്‍സെപ്റ്റ് മോഡല്‍ ആയ ആംബറോയ്ഡിന്റെ ഇന്റീരിയര്‍ ആണ് ഇ-ആമ്പിയ്ക്ക്. ചില സൂപ്പര്‍കാറുകളെ പോലെ മുകളിലേക്ക് തുറക്കുന്ന ഡോര്‍ ആയിരുന്നു ആംബറോയ്ഡിന്റെ പ്രധാന ആകര്‍ഷണം. ഇ-ആമ്പിയ്ക്കും മുകളിലേക്ക് തുറക്കുന്ന ഡോര്‍ ഉണ്ടാകുമത്രേ! സംഭവം കളര്‍ ആവും എന്ന് ചുരുക്കം.
ഇലക്ട്രിക് അംബാസഡര്‍ പൂര്‍ണ്ണമായും സ്വിസ് നിര്‍മ്മാതാവാണ് എഞ്ചിനീയറിംഗ് ചെയ്തതെന്ന് ദിലീപ് ചബ്രിയ വ്യക്തമാക്കി. കൂടാതെ, കാറിലെ എല്ലാ ഇലക്ട്രിക്കല്‍ കാര്യങ്ങളും സ്വിസ് കമ്പനിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 30-35 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.